മലപ്പുറം: മലപ്പുറം ജില്ലയില്‍ 12 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികില്‍സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്കു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ നിരീക്ഷണത്തിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
എടപ്പാളില്‍ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശി 80 കാരന്‍, കുറ്റിപ്പുറം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശി 43 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കുറ്റിപ്പുറം സ്വദേശിയെ റിമാന്‍ഡിനു മുമ്പായി നടത്തിയ വൈദ്യ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
മെയ് 26 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തുവ്വൂര്‍ ആമപ്പൊയില്‍ സ്വദേശിനി ഗര്‍ഭിണിയായ 30 വയസുകാരി, ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി ജൂണ്‍ ഒന്നിന് വീട്ടിലെത്തിയ മലപ്പുറം കോട്ടപ്പടി ഇത്തിള്‍പ്പറമ്പ് സ്വദേശി 43 കാരന്‍, നൈജീരിയയിലെ ലാവോസില്‍ നിന്ന് കൊച്ചി വഴി മെയ് 31 ന് എത്തിയ പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി 36 കാരന്‍, മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ മെയ് 27 ന് കൊച്ചി വഴിയെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി 25 കാരന്‍, ജിദ്ദയില്‍ നിന്ന് ജൂണ്‍ രണ്ടിന് കരിപ്പൂരിലെത്തിയ നിറമരുതൂര്‍ സ്വദേശി 44 കാരന്‍, മെയ് 20 ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 30 കാരന്‍, മുംബൈയില്‍ നിന്ന് മെയ് 26 ന് സ്വകാര്യ വാഹനത്തില്‍ എത്തിയ മംഗലം ചേങ്ങര സ്വദേശി 65 വയസുകാരന്‍, പ്രത്യേക വിമാനത്തില്‍ ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് ബാംഗ്ലൂര്‍ വഴിയെത്തിയ തിരൂര്‍ മേല്‍മുറി സ്വദേശി 20 കാരന്‍, ദുബായില്‍ നിന്ന് മെയ് 31 ന് കരിപ്പൂരിലെത്തിയ തിരൂര്‍ വെട്ടം സ്വദേശിനി 25 വയസുകാരി, ജൂണ്‍ ഒന്നിന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി നാട്ടിലെത്തിയ എആര്‍ നഗര്‍ കുന്നുംപുറം സ്വദേശി 35 കാരന്‍ എന്നിവരാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇവരെ കൂടാതെ ജൂണ്‍ രണ്ടിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി 33 കാരനും ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ പാലക്കാട് കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി 29 കാരനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.