കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 10 മരണം, 300 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 991 പേര്‍ക്ക് പുതുതായി വൈറസ്ബാധ
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് 10 പേര്‍ കൂടി മരണമടഞ്ഞു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയി. 300 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 991 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നു വരെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10227 ആയി. ഇവരില്‍ 3676 പേര്‍ ഇന്ത്യാക്കാരാണ്. സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്.
ഇന്ന് രോഗം ബാധിച്ചവരുടെ മേഖല തിരിച്ച കണക്കുകള്‍ ഇങ്ങനെ: ഫര്‍വ്വാനിയ 356, അഹമദി 237, ഹവല്ലി 219, കേപിറ്റല്‍ 116, ജഹറ 63.
രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 89 പേരും ജിലീബ് ശുയൂഖില്‍ നിന്ന് 61 പേര്‍ക്കും ഹവല്ലിയില്‍ നിന്ന് 76 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 41 പേര്‍ക്കുമാണ് രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ചവരുടെ രാജ്യം തിരിച്ച കണക്ക്: സ്വദേശികള്‍ 138, ഈജിപ്ത്തുകാര്‍ 222, ബംഗ്ലാദേശികള്‍ 118. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഇന്ന് 194 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 3101 ആയി. ആകെ 7101 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 158 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ഇവരില്‍ 74 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.