കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 1,744 പേര്‍ക്ക് വൈറസ് ബാധ; രോഗമുക്തരായത് 4,590 പേര്‍
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.16 ശതമാനം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,685 പേര്‍
മലപ്പുറം: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ ജില്ലയില്‍ ബുധനാഴ്ച 1,744 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,685 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടമറിയാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 39 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 4,590 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 2,88,955 ആയി. ജില്ലയില്‍ ഇതുവരെ 940 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
53,095 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20,282 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 958 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 287 പേരും 84 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കൊവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍ (ഡൊമിസിലിയറി കെയര്‍ സെന്റര്‍) 1,035 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവര്‍ മതിയായ കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം കയ്യില്‍ കരുതേണ്ടതും ആവശ്യപ്പെടുന്ന സമയത്ത് ബന്ധപ്പെട്ടവരെ കാണിക്കേണ്ടതുമാണ്.
ഏതെങ്കിലും വിധത്തിലുള്ള കൊവിഡ് രോഗ ലക്ഷണങ്ങളോ മറ്റേതെങ്കിലും കൊവിഡ് രോഗബാധിതരുമായി സമ്പര്‍ക്കമോ ഉണ്ടായാല്‍ പരിശോധനക്ക് വിധേയരാകേണ്ടതും പരിശോധനാ ഫലം വരുന്നത് വരെ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.