കൊവിഡ് 19: വയനാട്ടില്‍ 196 പേര്‍ കൂടി നിരീക്ഷണത്തില്‍

നിലവില്‍ 1930 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ച് 17 പേര്‍ ഉള്‍പ്പെടെ 33 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Update: 2020-05-19 14:31 GMT

കല്‍പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 196 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ 1930 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ച് 17 പേര്‍ ഉള്‍പ്പെടെ 33 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 153 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. ചൊവ്വാഴ്ച്ച 314 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1322 സാമ്പിളുകളില്‍ 939 ആളുകളുടെ ഫലം ലഭിച്ചു. 916 എണ്ണം നെഗറ്റീവാണ്. 378 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ നിന്നും ചൊവ്വാഴ്ച്ച 85 സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 36 പേരുടെയും 11 ആരോഗ്യ പ്രവര്‍ത്തകരുടെയും 14 പോലിസ് ഉദ്യോഗസ്ഥരുടെയും സാംപിളുകള്‍ ഉള്‍പ്പെടുന്നു.

സാമൂഹ്യ വ്യാപന സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ഇതുവരെ 1423 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1225 ഉം നെഗറ്റീവാണ്. ചൊവ്വാഴ്ച്ച അയച്ച 76 സാമ്പിളുകളില്‍ 5 ആരോഗ്യ പ്രവര്‍ത്തകരുടെയും 19 പോലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു. 231 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2749 വാഹനങ്ങളിലായി എത്തിയ 4873 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ബത്തേരി ടൗണിലെ മാംസ വില്‍പന കടകള്‍ തുറക്കരുത്

സുല്‍ത്താന്‍ ബത്തേരി ടൗണിലെ മാംസ വില്‍പന കടകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കച്ചവടം ഹോം ഡെലിവറിയായി നടത്താം. സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന നെന്മേനി ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് 19 രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് നടപടി. മാംസ വില്‍പന കടകളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂടി നില്‍ക്കുന്നത് രോഗ പകര്‍ച്ചയ്ക്ക് സാധ്യത ഉണ്ടാക്കും. സുല്‍ത്താന്‍ ബത്തേരി താലൂക്കിന്റെ ചുമതലയുള്ള ഓഫീസര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാക്കുന്നതിന് ബത്തേരി മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്ന് പുറത്തേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം യാത്ര നടത്തുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം, സ്ഥാപന ക്വാറന്റയിനില്‍ കഴിയണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികള്‍ക്കുള്ള യാത്രകള്‍ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധ സേവകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമല്ല.

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട് കോളനി, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10, 11, 13, 14, 15, 16, 17, 18 വാര്‍ഡുകളും തച്ചംമ്പത്ത് കോളനിയും തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ്, നെന്‍മേനി പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ 1, 2 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.

മുത്തങ്ങ വഴി എത്തിയത് ആകെ 8095 പേര്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ചെവ്വാഴ്ച്ച മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി 269 പേര്‍ കൂടി ജില്ലയിലേക്ക് പ്രവേശിച്ചു. മുത്തങ്ങ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 189 പേരും കലൂര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 80 പേരുമാണെത്തിയത്. ഇവരില്‍ 17 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ആക്കി. ആകെ 8095 പേരാണ് ഇതുവരെയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് പ്രവേശിച്ചത്.

43 പട്ടിക വര്‍ഗ്ഗക്കാര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലാക്കിയ പട്ടികവര്‍ഗ്ഗക്കാരുടെ എണ്ണം 726 ആയി. ചൊവ്വാഴ്ച 43 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. വീടുകളില്‍ 487 പേരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 239 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

മൂന്ന് പ്രവാസികള്‍ കൂടി ജില്ലയിലെത്തി

വിദേശത്ത് നിന്നും സംസ്ഥാനത്തെത്തിയ പ്രവാസികളില്‍ മൂന്ന് പേര്‍ കൂടി ജില്ലയിലെത്തി. ഇതില്‍ രണ്ട് പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി. ആകെ അഞ്ച് പ്രവാസികളാണ് ജില്ലയില്‍ എത്തേണ്ടിയിരുന്നത്. ഇതില്‍ രണ്ട് പേര്‍ മറ്റ് ജില്ലയിലുള്ള അവരുടെ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 73 പ്രവാസികളാണ് ജില്ലയിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 38 പേരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 35 പേരുമാണ് ഉളളത്. 

Tags:    

Similar News