കൊവിഡ് 19: കൊവിഡ് രോഗികളേക്കാള്‍ രോഗം ഭേദമായവരില്‍ 2.31 ലക്ഷത്തിന്റെ വര്‍ധന; രോഗമുക്തി നിരക്ക് 63 ശതമാനം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പ്രതിരോധത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത് ഏകോപനത്തോടെയുള്ളതും കൃത്യതയുമാര്‍ന്ന നടപടികള്‍. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടിയും രോഗനിരീക്ഷണം, നിര്‍ണയം, ഫലപ്രദമായ ക്ലിനിക്കല്‍ മാനേജുമെന്റ് എന്നിവയിലൂടെ കൂടുതല്‍ പേരെ രോഗമുക്തരാക്കാന്‍ കഴിഞ്ഞു. രോഗമുക്തരായവരുടെ എണ്ണം ഇന്ന് അഞ്ച് ലക്ഷം കവിഞ്ഞു. 5,15,385 കൊവിഡ് 19 രോഗികള്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവിലെ കൊവിഡ് രോഗികളുടെ എണ്ണത്തേക്കാള്‍ 2,31,978 പേര്‍ക്കാണ് അധികമായി രോഗമുക്തി നേടാനായത്.
ഇതോടെ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 62.78% ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,870 രോഗികളാണ് സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.
രാജ്യത്ത് നിലവില്‍ 2,83,407 കൊവിഡ് രോഗികളാണ് ചികില്‍സയിലുള്ളത്. അതീവ ഗുരുതര വിഭാഗത്തില്‍ പെടുന്നവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും രോഗലക്ഷണങ്ങളുള്ളവര്‍ക്ക് വീടുകളിലോ നിരീക്ഷണ കേന്ദ്രങ്ങളിലോ ചികില്‍സ നല്‍കി വരുന്നുണ്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആര്‍.ടി. പി.സി.ആര്‍ പരിശോധനക്ക് പുറമെ റാപ്പിഡ് ആന്റിജന്‍ പരിശോധന കൂടി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് സഹായകമായി. രാജ്യത്തെ 1180 ലാബുകളിലൂടെ ഇതുവരെ 1,13,07,002 സാംപിളുകള്‍ പരിശോധിച്ചു. ഇതു റെക്കോര്‍ഡാണ്. പൊതുമേഖലയിലെ കൊവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 841 ആയും സ്വകാര്യലാബുകളുടെ എണ്ണം 339 ആയും വര്‍ധിപ്പിച്ചു. പ്രതിദിന പരിശോധനയിലും വര്‍ധനയുണ്ട്. 2,82,511 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത്. രാജ്യത്ത് ദശലക്ഷത്തിലെ പരിശോധനാ നിരക്ക് 8193 ആണ്.