തിരുവനന്തപുരം: കൊവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലേക്കാള്‍ വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആളുകള്‍ വരുന്നത് എന്നത് രോഗപ്പകര്‍ച്ച കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ വൈറസിന്റെ വ്യാപനം വര്‍ധിച്ച് വരുന്നതിനാല്‍ അവിടെ നിന്നും വരുന്നവര്‍ക്ക് രോഗബാധയുണ്ടാകാന്‍ മുമ്പത്തേക്കാള്‍ സാധ്യത കൂടുതലാണ്. ഒന്നും രണ്ടും ഘട്ടത്തില്‍ വിജയിച്ച ഹോം ക്വാറന്റീന്‍ ഈ ഘട്ടത്തില്‍ വളരെയേറെ പ്രാധാന്യമേറുന്നു. ക്വാറന്റീനില്‍ കഴിയുന്നവര്‍ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും രക്ഷയെ കരുതിയും നാടിന്റെ രക്ഷയെ കരുതിയും വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. എന്തെങ്കിലും സംശയങ്ങളുള്ളവര്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ക്വാറന്റീനിലുള്ള വ്യക്തി വീട്ടിനുള്ളില്‍ പ്രത്യേകമായ ശുചിമുറിയോടു കൂടിയ മുറിയില്‍ തന്നെ താമസിക്കേണ്ടതാണ്. ആ മുറിയോ ശുചിമുറിയോ ക്വാറന്റീന്‍ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കാന്‍ പാടുള്ളതുമല്ല.
2. ക്വാറന്റീനിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കളുമായോ ഒരു സാഹചര്യത്തിലും വീട്ടിലെ മുതിര്‍ന്ന വ്യക്തികളും വിവിധ രോഗങ്ങള്‍ക്ക് ചികില്‍സയിലുള്ളവരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പൊടാന്‍ പാടുള്ളതല്ല.
3. ക്വാറന്റീനിലുള്ള വ്യക്തിയെ സഹായിക്കുന്നവര്‍ അല്ലെങ്കില്‍ പരിചരിക്കുന്നവര്‍ 18-50 വയസിനിടയ്ക്കുള്ള പൂര്‍ണ ആരോഗ്യവാനും മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുമായ ആളായിരിക്കണം. രോഗി താമസിക്കുന്ന വീട്ടിലേയ്ക്ക് സന്ദര്‍ശകര്‍ പാടില്ല. രോഗി താമസിക്കുന്ന വീട്ടിലെ അംഗങ്ങള്‍ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുടെ അനുമതിയോടു കൂടി മാത്രമേ പുറത്ത് പോകാന്‍ പാടുള്ളു. ഇവര്‍ ഹാന്റ് വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളില്‍ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
ക്വാറന്റീനിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ക്വാറന്റീനിലുള്ള വ്യക്തി മുറിയില്‍ തുടരേണ്ടതും ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തേയ്ക്ക് വരാന്‍ പാടുള്ളതുമല്ല. ആഹാരശേഷം അവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കേണ്ടതും അവരുടെ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കേണ്ടതുമാണ്. ക്വാറന്റീനിലുള്ള വ്യക്തിയുടെ ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യേണ്ടതും യാതൊരു കാരണവശാലും മറ്റൊരു വ്യക്തി അവ കൈകാര്യം ചെയ്യാന്‍ പാടുള്ളതുമല്ല. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ആരും തന്നെ വ്യക്തി ഉപയോഗിക്കുന്ന മുറിയില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. രോഗിയെ പരിചരിക്കുന്ന ആള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം മുറിയില്‍ പ്രവേശിക്കാവുന്നതാണ്. മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറക്കേണ്ടതാണ് (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമക്കുമ്പോഴും). ഒരു കാരണവശാലും ക്വാറന്റീനിലുള്ള വ്യക്തി 2 മീറ്ററിനുള്ളില്‍ വച്ച് മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ ചികില്‍സയ്ക്ക് ആണെങ്കില്‍ പോലും വീടിനു പുറത്ത് പോവാന്‍ പാടുള്ളതല്ല.
ക്വാറന്റീനിലുള്ള വ്യക്തിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
പരിചരിക്കുന്നവര്‍ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോവാന്‍ പാടുള്ളതല്ല. ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കുവാന്‍ പാടുള്ളതല്ല. ക്വാറന്റീനിലുള്ള വ്യക്തി താമസിക്കുന്ന മുറിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാന്‍ പാടുള്ളു. അങ്ങനെ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവര്‍ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസും ശരിയായ രീതിയില്‍ ധരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസും ഉപേക്ഷിക്കേണ്ടതും ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളതുമല്ല. മുറിയില്‍ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മുറിക്കുള്ളിലെ കതകിന്റെ പിടികള്‍, ടേബിളുകള്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കേണ്ടതും ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കേണ്ടതാണ്.
മറ്റ് കുടുംബാംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
കുടുംബാംഗങ്ങളില്‍ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ക്വാറന്റീന്‍ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേയ്ക്ക മാറുന്നതാണ് അഭികാമ്യം. ക്വാറന്റീനിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടില്‍ തന്നെ കഴിയുന്നവര്‍ കാലാവധി കഴിയുന്നതുവരെ വീടിന് പുറത്തേയ്ക്ക് പോകാന്‍ പാടുള്ളതല്ല. പാത്രങ്ങളോ തുണികളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്. എല്ലാ കുടുംബാംഗങ്ങളും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്. കുടുംബാംഗങ്ങള്‍ വാതിലിന്റെ പിടികള്‍, സ്വിച്ചുകള്‍ എന്നിങ്ങനെ ക്വാറന്റീനിലുള്ള വ്യക്തി സ്പര്‍ശിക്കുവാന്‍ സാധ്യതയുള്ള പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുമ്പോള്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ ബന്ധപ്പെടേണ്ടതാണ്.
മാലിന്യങ്ങളുടെ സമാഹരണം
മുറിക്കുള്ളില്‍ തന്നെ ഇതിനായി 3 ബക്കറ്റുകള്‍ സൂക്ഷിക്കേണ്ടതാണ്. മലിനമായ തുണികള്‍, ടവലുകള്‍ മതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച് അണുനാശനം വരുത്തേണ്ടതും കഴുകി ഉണക്കി ഉപയോഗിക്കേണ്ടതുമാണ്. മലിനമായ മാസ്‌കുകള്‍, പാഡുകള്‍, ടിഷ്യൂ എന്നിവ കത്തിക്കേണ്ടതാണ്. ആഹാര വസ്തുക്കള്‍, മറ്റ് പൊതു മാലിന്യങ്ങള്‍ എന്നിവ ആഴത്തില്‍ കുഴിച്ചിടേണ്ടതാണ്.