കൊവിഡ് 10: കേന്ദ്ര ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് കോര്‍പ്പറേറ്റ് അനുകൂലമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

Update: 2020-03-24 13:06 GMT

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കോര്‍പ്പറേറ്റുകളുടെയും വന്‍കിട വ്യവസായികളുടെയും താല്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.കൊറോണ വ്യാപനം കാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരില്‍ സാധാരണക്കാരായ ദിവസ വേതനക്കാരാണെന്നും അത്തരക്കാരെ സംരക്ഷിക്കാനായി പ്രത്യക്ഷത്തിലുള്ള യാതൊരു നടപടിയും ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഓട്ടോ, ടാക്‌സി തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, കാര്‍ഷികത്തൊഴിലാളികള്‍ തുടങ്ങി ദിവസവേതനം കൊണ്ട് ജീവിക്കുന്ന സാധാരണക്കാര്‍ക്ക് യാതൊരു നടപടിയും ഈ പ്രഖ്യാപനത്തില്‍ ഉണ്ടാകാത്തത് നിരാശാജനകമാണ്. ദിവസവേതനക്കാരായ സാധാരണക്കാര്‍ക്ക് തൊഴില്‍നഷ്ടം മൂലം ഭക്ഷണം വാങ്ങാനുള്ള പണം പോലുമില്ലാത്ത അവസ്ഥയാണ്. അവര്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്താന്‍ പല സംസ്ഥാനങ്ങളും തയ്യാറായിട്ടുണ്ട്. അത്തരം പദ്ധതികള്‍ക്ക് കേന്ദ്രം സാമ്പത്തിക സഹായം നല്‍കാതിരിക്കുന്നത് അങ്ങേയറ്റത്തെ അനാസ്ഥയാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ഇന്നു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രഖ്യാപനത്തില്‍ സാധാരണക്കാര്‍ക്കുവേണ്ടിയുള്ള സമഗ്രപദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.

ഇപ്പോള്‍ നിലനില്‍ക്കുന്ന അസാധാരണമായ സാഹചര്യം കണക്കിലെടുത്ത്, ദുരിതത്തിലായ നിര്‍മാണത്തൊഴിലാളികള്‍ക്ക് അടിയന്തര വേതന സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും ക്ഷേമബോര്‍ഡുകളോടും നിര്‍ദേശിക്കണം. രാജ്യത്തെ വേതന ക്ഷേമനിധി ബോര്‍ഡുകള്‍ 2019 മാര്‍ച്ച് വരെ 49,688 കോടി രൂപ സ്വരൂപിച്ചിരുന്നു. ഇതുവരെ 19,379 കോടി രൂപയും സ്വരൂപിച്ചു. ഈ നീക്കിയിരുപ്പുകള്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനുള്ള പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. 

Tags:    

Similar News