കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പുതിയ രോഗബാധിതരില്ല; 1,041 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി 1,041 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി അറിയിച്ചു.
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് പുതിയതായി ആര്‍ക്കും കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി 1,041 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി അറിയിച്ചു. 12,053 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 157 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 151 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരുമാണ് നിരീക്ഷണത്തിലുള്ളത്. 10,719 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,177 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
\അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 49 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 46 പേര്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്. ഇവരെ കൂടാതെ ഒരു ആലപ്പുഴ സ്വദേശിനിയും ഒരു പാലക്കാട് സ്വദേശിയും മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. നിലവില്‍ രോഗബാധിതരായുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 72 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാല് മാസം പ്രായമായ കുട്ടി രോഗബാധിതയായിരിക്കെ മരിച്ചു. 24 പേര്‍ക്ക് വിദഗ്ധ ചികില്‍സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികില്‍സയിലിരിക്കെ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടരുകയാണ്. 20 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ജില്ലയില്‍ ഇതുവരെ 3,381 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 122 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.