കൊവിഡ് 19: ഇന്ത്യയില്‍ വെന്റിലേറ്റര്‍ ആവശ്യമായത് 0.35 ശതമാനം രോഗികള്‍ക്കു മാത്രം; ഐസിയുവില്‍ 1.94 ശതമാനം പേര്‍

Update: 2020-07-17 13:38 GMT

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അവരുടെ കണക്കനുസരിച്ച്‌ രാജ്യത്തെ കൊവിഡ് രോഗികളില്‍ 1.94 ശതമാനം പേരെ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കേണ്ടിവരാറുള്ളത്. ഓക്‌സിജന്‍ വേണ്ടിവരുന്നത് 2.81 ശതമാനം രോഗികള്‍ക്കു മാത്രം. മൊത്തം രോഗികളില്‍ വെറും 0.35 ശതമാനം പേര്‍ക്ക് മാത്രമാണ് വെന്റിലേറ്ററുകള്‍ വേണ്ടിവരാറുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

ഇന്ന് രാജ്യത്ത് 34,956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 687 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,003,832 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 342,473 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു. 6.35 ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 135 കോടി ജനസംഖ്യയോടെ ലോകത്ത് രണ്ടാമത്തെ സ്ഥാനത്തുള്ള ഇന്ത്യയില്‍ പത്ത് ലക്ഷത്തിന് രോഗബാധിതരുടെ എണ്ണം 727.4 ആണ്. ഇത് ഇന്ത്യയേക്കാള്‍ കുറവ് ജനസംഖ്യയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ്- മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇന്ത്യയിലെ മരണനിരക്കും ആഗോളതലത്തില്‍ കുറവാണ്. ഇന്ത്യയിലെ മരണനിരക്ക് പത്ത് ലക്ഷത്തിന് 18.6 ശതമാനമാണെങ്കില്‍ ലോകത്തെ പല രാജ്യങ്ങളും ഇതിനേക്കാള്‍ അപകടം നിറഞ്ഞ അവസ്ഥയിലാണ്.

80 ശതമാനം വരുന്ന രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളോട് ആശുപത്രിയില്‍ വരാതെ വീട്ടില്‍ തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനുള്ളില്‍ കഴിയാനാണ് നിര്‍ദേശിക്കുന്നത്. ഇത് കൂടുതല്‍ ഗുരുതമായി രോഗം ബാധിച്ചവര്‍ക്കു വേണ്ടി ആശുപത്രി സൗകര്യങ്ങള്‍ നീക്കിവയ്ക്കാനുള്ള സാധ്യതയൊരുക്കുന്നു. 

Tags:    

Similar News