കൊവിഡ് 19: കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ സ്ഥിതിഗതികള്‍ അവലോകനം

കൊടുങ്ങല്ലൂര്‍ നിയോജമണ്ഡലത്തില്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ആകെ 659 പേര്‍ എത്തിയിട്ടുണ്ട്.

Update: 2020-03-25 13:31 GMT

മാള: കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അവലോകനം നടത്തി. കൊടുങ്ങല്ലൂര്‍ നിയോജമണ്ഡലത്തില്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ആകെ 659 പേര്‍ എത്തിയിട്ടുണ്ട്. അതില്‍ വിദേശത്തുനിന്ന് 346 പേരും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 313 പേരുമാണ്. ഇവര്‍ ഹൗസ് ക്വാറന്റീനിലാണ്. ആകെ 14 പേരെ ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കൊറോണ ടെസ്റ്റിന് വിട്ടിരുന്നു. അതില്‍ 11 പേരുടെ ടെസ്റ്റ് റിപ്പോര്‍ട്ട് നെഗറ്റീവ് ആണ്. ഇനി മൂന്ന് പേരുടെ റിസല്‍ട്ട് കിട്ടാനുണ്ട്. അതില്‍ മാള, കുഴുര്‍, ആളൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്ത് പരിധികളിലെ ഒന്നു വീതമാണുള്ളത്.

അടിയന്തിര ആരോഗ്യ കര്‍മ്മസേനകള്‍ വാര്‍ഡ് തലത്തില്‍ രൂപീകരിക്കണം. മാള ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. മറ്റു ഗ്രാമപഞ്ചായത്തുകളില്‍ അടിയന്തിരമായി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ രൂപീകരിക്കും. സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ കുറവ് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും ശ്രദ്ധയില്‍ പെടുത്തി എത്രയും വേഗം എത്തിക്കും. സാനിറ്റൈസര്‍, മാസ്‌ക് എന്നിവ സന്നദ്ധ സംഘടനകളുടെ കയ്യില്‍ ഉണ്ടെങ്കില്‍ കുഴൂര്‍, പൊയ്യ, പുത്തന്‍ചിറ എന്നിവടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തുകാരുമായി ബന്ധപ്പെട്ട് നല്‍കണം. ആവശ്യ സാധനങ്ങള്‍ കിട്ടുന്ന കടകള്‍ കാലത്ത് ഏഴ് മണി മുതല്‍ അഞ്ച് വരെ മാത്രം എന്നുള്ളത് കര്‍ശ്ശനമായി പാലിക്കാന്‍ വ്യാപാരികള്‍ തയ്യാറാവണം. ഇതിനായി പോലീസിന്റെ നിരീക്ഷണം ഉണ്ടാകും. എല്ലാവരും വലിയ അളവില്‍ അരിയും മറ്റു സാധനങ്ങളും വാങ്ങിച്ച് സാധനങ്ങളുടെ ക്ഷാമം ഉണ്ടാക്കരുത്. പരിശോധനകള്‍ മൂലം ചരക്കു വാഹനങ്ങള്‍ കടന്നു വരുന്നതില്‍ ചെറിയ സമയ കൂടുതല്‍ വരുന്നുണ്ട്. അതിനാല്‍ ആവശ്യത്തിന് മാത്രം വാങ്ങി വെക്കുക. കടകളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകരുത്. വ്യാപാരികളും അവിടെ പോകുന്നവരും ആരോഗ്യ ശുചിത്വം ഉറപ്പാക്കണം. സാധങ്ങള്‍ പൂഴ്ത്തി വെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുകയോ, അമിത വില ഈടാക്കുകയോ ചെയ്യുന്നവരെ പിടിക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശ്ശനമാക്കും. വാഹനം ഉപയോഗിച്ച് അനാവശ്യ ചുറ്റിക്കറങ്ങല്‍ തുടങ്ങിയവ ഒഴിവാക്കി പോലീസ് നടപടിയില്‍ നിന്ന് മാറി വീട്ടില്‍ തന്നെ കഴിയണം. വിദേശത്തുനിന്ന് വന്ന നമ്മുടെ സഹോദരങ്ങളെ ശത്രു ആയി ആരും കാണരുതെന്നും അവരുടെ അവിടെത്തെ അദ്ധ്വാനം നമ്മുടെ നാടിന്റെ പുരോഗതിയില്‍ നല്ല പങ്കുവച്ചവരാണെന്ന ഓര്‍മ്മ എല്ലാവര്‍ക്കും ഉണ്ടാകണമെന്നും എം എല്‍ എ പറഞ്ഞു.

ഹൗസ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും നിര്‍ദ്ധനരായ പ്രായമുള്ളവര്‍ മാത്രം താമസിക്കുന്ന കുടുംബങ്ങളുടെ ഭക്ഷണവും ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സന്നദ്ധ വളണ്ടിയര്‍മാരുടെ സഹായത്തോടെ നടപ്പാക്കും.

നിലവില്‍ മാള മേഖല ഈ മഹാമാരിയെ പിടിച്ചു കെട്ടാന്‍ ആരോഗ്യ മേഖലയിലെ ജീവനക്കാരും അവരോടപ്പം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും അവിടെത്തെ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ഇവരെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കാന്‍ പോലീസ് സേനയും നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നതില്‍ എം എല്‍ എ അഭിനന്ദിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, കുഴുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യാര്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നദീര്‍, മാള ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ്, മാള മെഡിക്കല്‍ സൂപ്രണ്ട്, മാമ്പ്ര മെഡിക്കല്‍ ഓഫീസര്‍, പൊയ്യ മെഡിക്കല്‍ ഓഫീസര്‍, കുഴുര്‍ മെഡിക്കല്‍ ഓഫീസര്‍, പുത്തന്‍ചിറ സി എച്ച് സി യിലെ ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മാള എസ് ഐ എന്നിവര്‍ പങ്കെടുത്തുകൊണ്ട് നിലവിലെ സ്ഥിതികള്‍ വിശദീകരിച്ചു. മാള ബ്ലോക്ക് പ്രസിഡന്റ് കേശവന്‍ കുട്ടി, ം മാള ബ്ലോക്ക് ബിഡിഒ സംസാരിച്ചു.


Tags:    

Similar News