കൊറോണയില്‍ വിറങ്ങലിച്ച് ലോകം; സ്‌പെയിനില്‍ കൂട്ടമരണം

മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതും രോഗവ്യാപനത്തിന് കാരണമായി. സുരക്ഷാ വസ്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ലാത്തത് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Update: 2020-03-29 04:04 GMT

റോം: യൂറോപ്പിലെ രണ്ടാമത്തെ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടായ സ്‌പെയിനില്‍ കൂട്ടമരണം തുടരുകയാണ്. 24 മണിക്കൂറില്‍ 832 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 5690 ആയി. പുതുതായി 7516 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 72,248 ആയി. വെറും രണ്ടാഴ്ച കൊണ്ടാണ് സ്‌പെയിനില്‍ മരണവും രോഗികളുടെ എണ്ണവും ഇത്രയും ഉയരത്തിലെത്തിയത്.

അപ്രതീക്ഷിതമായി രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്‌പെയിനിലെ ആരോഗ്യമേഖല പകച്ചുപോയി നില്‍കുകയാണ്. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ ആളുകള്‍ക്ക് ചികില്‍സ കിട്ടാതായി. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതും രോഗവ്യാപനത്തിന് കാരണമായി. സുരക്ഷാ വസ്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ലാത്തത് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 9000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സ്‌പെയിലില്‍ രോഗം ബാധിച്ചത്.

അതേസമയം കൊറോണയുടെ മരണക്കളിയില്‍ വിറങ്ങലിച്ചിരിക്കുകയാണ് ലോകം. ഇതുവരെയും ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി 29000 ത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ മാത്രം 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്.

സ്‌പെയിനില്‍ 5800 ഉം ഇറ്റലിയില്‍ 9134 പേരും കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്. പന്ത്രണ്ടു പേര്‍ മരിച്ച പാകിസ്താനില്‍ രോഗികളുടെ എണ്ണം 1500 കടന്നു. അയര്‍ലന്‍ഡും വിയറ്റ്നാമും സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസിന് റബ്ബര്‍ബുള്ളറ്റ് പ്രയോഗിക്കേണ്ടി വന്നു. 


Tags:    

Similar News