തിരൂര്‍: വെട്ടം പഞ്ചായത്തില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ആലിശ്ശേരി വാണിയംപള്ളിയില്‍ അനില്‍കുമാറാ(48)ണ് ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇയാള്‍ കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പതിനൊന്നരമണിയോടെയെത്തിയ തിരൂര്‍ ഫയര്‍ ഫോഴ്‌സ് ടീമാണ് 35 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.
തിരൂര്‍ ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ സീനിയര്‍ ഓഫിസര്‍ ജേക്കബ് ,ഫയര്‍ ഓഫീസര്‍ എം. സുരേഷ് ,ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ നിജീഷ്,സജിത്,രതീഷ്,പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ വീട്ടില്‍ പോസിറ്റീവായ നാല് പേരും ഒരു റൂമിലാണ് കഴിഞ്ഞിരുന്നത്. ഈ പ്രയാസങ്ങള്‍ വിവരിച്ച് വീഡിയോ എടുത്ത് വാട്ട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. കൊവിഡ് രോഗിയുടെ ആത്മഹത്യയില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനാസ്ഥയാണ് കാരണമെന്ന ആരോപണവുമായി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി രംഗത്ത് വന്നു. ഓരോ ദിവസവും കൊവിഡ് രോഗികള്‍ അധികരിച്ചിട്ടും കഴിഞ്ഞ ദിവസം മാത്രമാണ് ഡിസിസി സെന്റര്‍ തുറന്നത്.