കൊവിഡ് വ്യാപനം; കര്‍ണാടകക്കു പുറമേ തമിഴ്‌നാട്ടിലും ബംഗാളിലും കേരളത്തിന് നിയന്ത്രണം
ചെന്നൈ: കേരളത്തിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്‌നാട്ടിലും ബംഗാളിലും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ വേണമെന്നും നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും തമിഴനാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കേരളത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാരജാക്കേണ്ടതില്ല. എന്നിരുന്നാലും തെര്‍മല്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ കര്‍ണാടകയും സമാനമായ രീതിയില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം.
ഇതോടെ കര്‍ണാടക സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടി. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇളവുകള്‍ വ്യക്തമാക്കിയുള്ള പുതിയ സര്‍ക്കുലര്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. അതേസമയം, ബംഗാളില്‍ ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധമാക്കി.യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്.