കൊവിഡ് 19: റിയാദില്‍ നിന്നെത്തിയ പ്രവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളത് മൂന്ന് പേര്‍ക്ക്; 2 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും

Update: 2020-05-08 17:24 GMT

കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസി സംഘത്തില്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത് മൂന്ന് പേര്‍ക്ക്. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. അലര്‍ജി പ്രശ്‌നവും തലവേദനയുമുള്ള രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

വിമാനത്തില്‍ ആകെ 152 യാത്രക്കാരാണ് ഉള്ളത്. അതില്‍ 84 പേര്‍ ഗര്‍ഭിണികളാണ്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി ചെറു സംഘങ്ങളായാണ് പുറത്തിറക്കിയത്. എയ്‌റോ ബ്രിഡ്ജില്‍വച്ച് യാത്രക്കാരെ തെര്‍മല്‍ പരിശോധനക്ക് വിധേയരാക്കി. യാത്രക്കാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസുകള്‍ പൂര്‍ത്തിയായി. മറ്റ് പരിശോധനകള്‍ പൂര്‍ത്തിയായവര്‍ വിമാനത്താവളത്തിനു പുറത്തേയ്ക്ക് ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പ്രവാസികളെ കൊണ്ടുപോകാന്‍ 30 ആംബുലന്‍സുകളും എഴ് കെ.എസ്.ആര്‍.ടി.സി ബസുകളും പ്രീപെയ്ഡ് ടാക്‌സികളും സജ്ജീകരിച്ചിട്ടുണ്ട്. 

Tags:    

Similar News