കൊവിഡ് 19: ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ക്ക് സ്വാഗതം; വിലക്ക് നീക്കി ചൈന

Update: 2021-01-09 14:05 GMT

ബീജിങ്: കൊവിഡ് ഉദ്ഭവത്തെ കുറിച്ച് പഠിക്കാന്‍ ചൈനയിലെത്തുന്ന ലോകാരോഗ്യ സംഘനാ പ്രതിനിധികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ചൈന പിന്‍വലിക്കുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ തീരുമാനിച്ചിട്ടില്ല. ഡിസംബറില്‍ രാജ്യത്തെത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ചൈനീസ് സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം സന്ദര്‍ശനം നടന്നില്ല. വുഹാനില്‍ കൊവിഡ് വൈറസ് ഉദ്ഭവിച്ചതെങ്ങനെയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമാണ് സന്ദര്‍ശനം.

സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ മേധാവി സെങ് യിക്‌സിങ് പറഞ്ഞു.

ചൈനീസ് അധികൃതരും ലോകാരോഗ്യസംഘടനാ പ്രതിനിധികളും തമ്മില്‍ നടന്ന നാല് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് സമവായത്തിലെത്തിയതെന്ന് ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

ലോകാരോഗ്യ സംഘടന തങ്ങളുടെ സന്ദര്‍ശനപരിപാടികള്‍ ആസൂത്രണം ചെയ്താല്‍ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യകമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

കൊവിഡ് ഉദ്ഭവം വുഹാനിലെ മാംസമാര്‍ക്കറ്റില്‍ നിന്നാണെന്നും അതല്ല, വുഹാനിലെ ലാബില്‍ നിന്നാണെന്നും രണ്ട് വാദഗതികളുണ്ട്. രോഗം വ്യാപിച്ച വിവരം ചൈന മറച്ചവച്ചെന്ന മറ്റൊരു ആരോപണവുമുണ്ട്. രോഗവ്യാപനം മറച്ചുവച്ച ചൈനയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് പല രാജ്യങ്ങളും രംഗത്തുവന്നിരുന്നു. ആ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തിയത്.

Tags:    

Similar News