കൊവിഡ് 19: പ്രതിരോധത്തിനൊപ്പം ക്ഷേമവും ഉറപ്പാക്കി കേരള മോഡല്‍; കേരള മാതൃകയ്ക്ക് ലോക്സഭ സ്പീക്കറുടെ അഭിനന്ദനം

രോഗ പ്രതിരോധത്തിനൊപ്പം പൊതുജനക്ഷേമവും ഉറപ്പാക്കിയ മാതൃകയെ ലോക്സഭ സ്പീക്കര്‍ അഭിനന്ദിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Update: 2020-04-21 13:28 GMT

മലപ്പുറം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട സമീപനം മാതൃകാപരമാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. രോഗ പ്രതിരോധത്തിനൊപ്പം പൊതുജനക്ഷേമവും ഉറപ്പാക്കിയ മാതൃകയെ ലോക്സഭ സ്പീക്കര്‍ അഭിനന്ദിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ നിയമസഭാ സ്പീക്കര്‍മാരുമായി ലോക്സഭ സ്പീക്കര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

രാജ്യത്തെ ആദ്യ കൊവിഡ്ബാധ റിപോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ഇതിനു ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ രീതികളും ചികില്‍സാ സംബന്ധമായ കാര്യങ്ങളും വിശദീകരിച്ചതായി സ്പീക്കര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ലോക് ഡൗണില്‍ വീടുകളിലായിപ്പോയ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേരളത്തില്‍ സ്വീകരിച്ച നടപടികള്‍ ലോക്സഭ സ്പീക്കര്‍ പ്രശംസിച്ചു. സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണ ലഭ്യത ഉറപ്പു വരുത്തിയതും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും കരുതലും ഉറപ്പാക്കിയതും ലോക്സഭ സ്പീക്കര്‍ പ്രത്യേകം അഭിനന്ദിച്ചതായും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News