മൂന്നാമതും കൊവിഡ് ബാധിച്ചു: സാവിയോ ജോസഫിനെ ഐസിഎംആര്‍ പരിശോധിക്കുന്നു
മസ്‌കത്തില്‍ ജോലിചെയ്യുന്ന സാവിയോക്ക് അവിടെവെച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ആദ്യമായി രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിനെ കൊവിഡ് ബാധിച്ചത് മൂന്നാമത്തെ പ്രാവശ്യം. കഴിഞ്ഞ ഏഴു മാസത്തിനിടെ മൂന്നു തവണയാണ് ഇദ്ദേഹത്തെ കൊവിഡ് പിടികൂടിയത്. രാജ്യത്ത് ആദ്യമായാണ് ഒരാള്‍ മൂന്നുതവണ കൊവിഡ് ബാധിതനായതായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സാവിയോയെ പഠനവിധേയമാക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഐസിഎംആര്‍ അധികൃതര്‍.
ഇതിന്റെ ഭാഗമായി സാവിയോയുടെ രക്ത, സ്രവ സാംപിളുകള്‍ ഐസിഎംആര്‍ ശേഖരിച്ചു. മുന്‍പ് ചികിത്സ നടത്തിയതിന്റെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. മസ്‌കത്തില്‍ ജോലിചെയ്യുന്ന സാവിയോക്ക് അവിടെവെച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അസുഖം ഭേതമായതിനെ തുടര്‍ന്ന് നാട്ടിലെത്തി. ജൂലൈയില്‍ വീണ്ടും സാവിയോ ജോസഫിന് രോഗലക്ഷണങ്ങളുണ്ടായി. തൃശൂരില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സ തുടങ്ങി. രോഗമുക്തി നേടി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയ സാവിയോ നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സയ്ക്ക് എത്തി. സെപ്റ്റംബര്‍ ഒന്നിന് അവിടെ വെച്ചു നടത്തിയ പരിശോധനയില്‍ വീണ്ടും കോവിഡ് പൊസിറ്റീവ് കാണപ്പെട്ടു. ചികിത്സയെ തുടര്‍ന്ന് മൂന്നാമതും കൊവിഡ് വിട്ടൊഴിഞ്ഞു.
എന്നാല്‍ ഇപ്പോഴും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതായി സാവിയോ ജോസഫ്് പറയുന്നു. അമ്മയോടൊപ്പമാണ് സാവിയോ കഴിയുന്നത്. നാട്ടിലെത്തി രണ്ട് തവണ രോഗം പിടിപെട്ടിട്ടും അമ്മയ്ക്ക് രോഗബാധ ഉണ്ടായിട്ടുമില്ല.