കൊവിഡ്: വെള്ളിയാഴ്ചയ്ക്കുശേഷം ആഗോള തലത്തില്‍ റദ്ദാക്കിയത് 11,500 വിമാനസര്‍വീസുകള്‍
ന്യൂയോര്‍ക്ക്: കൊവിഡിന്റെ അടുത്ത വ്യാപനം ആരംഭിച്ചതോടെ വെള്ളിയാഴ്ചയ്ക്കു ശേഷം ആഗോള തലത്തില്‍ 11,500 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് യാത്ര തിരിക്കാനിരുന്ന ലക്ഷക്കണക്കിനു പേരാണ് പൊടുന്നനെയുളള വിമാനസര്‍വീസ് റദ്ദാക്കലില്‍ ബുദ്ധിമുട്ടിലായത്. യൂറോപ്പിലും യുഎസ്സിലും റെക്കോര്‍ഡ് നിലയിലാണ് കൊവിഡ് ബാധ.
വിമാനങ്ങള്‍ റദ്ദാക്കിയതോടൊപ്പം വിമാനങ്ങള്‍ വൈകിയോടുന്നതിനും കൊവിഡ് വ്യാപനം കാരണമായി. ഓരോ വര്‍ഷത്തേയും ഏറ്റവും കൂടുതല്‍ പേര്‍ വിമാനയാത്ര ചെയ്യുന്ന സമയമാണ് ക്രിസ്മസ് അവധിക്കാലം.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യാന്തര തലത്തില്‍ വലിയ വേഗതയിലാണ് പടര്‍ന്നുപിടിക്കുന്നത്.
തിങ്കളാഴ്ചയും ഇന്നുമായി മറ്റനേകം വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച 3,000 വിമാനങ്ങളും ഇന്ന് 1,100 വിമാനങ്ങളും റദ്ദാക്കി.
വിമാനങ്ങള്‍ റദ്ദാക്കിയതും യാത്രാ നിരോധനവും മൂലം യുഎസ്സില്‍ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. തൊഴിലാളികളുടെ കുറവ് തന്നെയാണ് പ്രധാന കാരണം. അതിന് പ്രതിവിധിയെന്ന നിലയില്‍ ക്വാറന്റീന്‍ പത്ത് ദിവസം എന്നത് അഞ്ചായി കുറയ്ക്കാന്‍ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നിര്‍ദേശം നല്‍കി. അഞ്ച് ദിവസം ക്വാറന്റീനും അഞ്ച് ദിവസം മാസ്‌ക് ധരിക്കലുമാണ് പുതിയ നിര്‍ദേശം.
ജനുവരിയോടെ അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോര്‍ഡിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സന്‍ എടുക്കാത്തവരുടെ കൂടിയ എണ്ണവും പരിശോധനകളുടെ കുറവും എല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നു.
പല ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കിലും പഴയ പോലെ പ്രതിസന്ധിയിലേക്ക് പോയിട്ടില്ലെന്ന് പ്രസിഡന്റ് ജൊ ബെയ്ഡന്‍ പറഞ്ഞു.