കൊവിഡ്: തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം; മെഡിക്കല്‍ ഗ്രന്ഥകര്‍ത്താക്കള്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞു
മുംബൈ: ഇന്ത്യയില്‍ കൊവിഡ് പ്രസരണത്തിന് കാരണമായെന്ന് ആരോപിച്ച് തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മെഡിക്കല്‍ ഗ്രന്ഥകര്‍ത്താക്കള്‍ പുതിയ എഡിഷനില്‍ നിന്ന് പരാമര്‍ശം നീക്കി മാപ്പുപറഞ്ഞു.
മഹാരാഷ്ട്രയിലെ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്‌ഐഒ) പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് തബ് ലീഗ് പ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തത്. എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഡോ. അപുര്‍ബ എസ് ശാസ്ത്രിയും ഡോ. സന്ധ്യ ഭട്ടും ചേര്‍ന്ന് രചിച്ച എസ്സന്‍ഷ്യല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയിലാണ് പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പല്ലഭ റേയുടേയും സുജാത സിസ്റ്റ്‌ലയുടേയുമാണ് മുഖവുര. പുസ്തകം ഡല്‍ഹി ജെപി പബ്ലിക്കേഷന്‍സാണ് പുറത്തിറക്കിയത്.
2020 മാര്‍ച്ചില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നടത്തിയ മതസമ്മേളനമാണ് രാജ്യത്ത് 4,000ത്തോളം പേരിലേക്ക് കൊവിഡ് വ്യാപിക്കാന്‍ കാരണമായതെന്നാണ് പുസ്തകം ആരോപിച്ചത്. മറ്റൊരിടത്ത് 40 രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 9,000 ഇന്ത്യക്കാരും 960 വിദേശികളുമാണ് ലക്ഷണങ്ങളില്ലാത്ത കൊവിഡ് പടര്‍ത്തി വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തിന് കാരണമായതെന്നും പറഞ്ഞിരിക്കുന്നു. ലക്ഷണമില്ലാത്ത കൊവിഡുള്ള ഇവര്‍ രാജ്യത്ത് രിച്ചെത്തിയ ശേഷമാണ് പോസിറ്റീവായ കാര്യം തിരിച്ചറിഞ്ഞതെന്നും ഇത് രോഗവ്യാപനത്തിന് കാരണമായെന്നുമാണ് ആരോപണം.
കൊവിഡ് വ്യാപനത്തിന് തബ്‌ലീഗ് പ്രവര്‍ത്തകരാണ് കാരണമെന്ന വാദം വിവിധ കോടതികളും ഹൈക്കോടതികള്‍ തന്നെയും തള്ളിക്കളഞ്ഞ സിദ്ധാന്തമാണെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐഒ സെക്രട്ടറി റാഫിദ് ഷാഹബും ജോ. സെക്രട്ടറി മുസാദ്ദിഖ് അല്‍ മൊയ്ദും പ്രസാധകരെ സമീപിച്ചു. ഇതുസംബന്ധിച്ച ബോംബെ ഹൈക്കോടതിയുടേതടക്കം മൂന്ന് സുപ്രധാന വിധികളും അവര്‍ പ്രസാധകര്‍ക്ക് അയച്ചുകൊടുത്തു. ഇത്തരം പ്രചാരണം വഴി പോലിസും ഒരു സംഘം മാധ്യമങ്ങളും ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുകയായിരുന്നെന്ന കോടതി പരാമര്‍ശവും അവര്‍ ചൂണ്ടിക്കാട്ടി.
ഒടുവില്‍ പ്രസാധകര്‍ അത് നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 14ാം തിയ്യതി തെറ്റായ പരാമര്‍ശം നടത്താനിടയായതില്‍ ഗ്രന്ഥകര്‍ത്താക്കള്‍ മാപ്പും പറഞ്ഞു. പകര്‍ച്ചവ്യാധികളുടെ പ്രസരണത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ നല്‍കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ആരുടേയും വികാരങ്ങളെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഗ്രന്ഥകര്‍ത്താക്കള്‍ പറയുന്നു. ഇറങ്ങാനിരിക്കുന്ന അടുത്ത എഡിഷനില്‍ നിന്ന് അത് നീക്കം ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.