കൊവിഡ് പ്രതിരോധം: അരീക്കോട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊലീസിനോട് നിസ്സഹകരണം

Update: 2021-07-25 15:08 GMT
കൊവിഡ് പ്രതിരോധം: അരീക്കോട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊലീസിനോട് നിസ്സഹകരണം

അരീക്കോട്: ഊര്‍ങ്ങാട്ടിരി കാവനൂര്‍, കിഴുപറമ്പ് പഞ്ചായത്തുകളില്‍ ടിപിആര്‍ വര്‍ദ്ധിച്ചിട്ടും പ്രവേശന കവാടങ്ങള്‍ അടക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അധികാരികള്‍ അംഗീകരിക്കുന്നില്ലന്ന് പൊലീസ്. അരീക്കോട് സ്‌റ്റേഷന്‍ പരിധിയിലുള്ള കാവനൂര്‍, കിഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ പ്രവേശന കവാടങ്ങളെല്ലാം ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം പോലീസ് അടച്ചിരുന്നു. അതാത് പഞ്ചായത്ത് ഭരണ സമിതിയുടെ അറിവോടെയാണ് പൊലീസ് വഴികള്‍ അടച്ചത്. എന്നാല്‍ പിന്നീട് ബാരിക്കേഡുകള്‍ ചിലര്‍ നീക്കം ചെയ്യുകയായിരുന്നു.


ഇവിടങ്ങളിലെല്ലാം ഒരേ സമയം രണ്ട് വീതം പോലീസുകാരെ നിരീക്ഷണത്തിന് നിര്‍ത്താന്‍ ജീവനക്കാരുടെ കുറവുമൂലം കഴിയുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. പഞ്ചായത്തുകളില്‍ നിന്നും ആര്‍ആര്‍പി വളണ്ടിയര്‍മാരെ ആവശ്യപ്പെട്ടിട്ടും അവഗണിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശം പൂര്‍ണമായും പഞ്ചായത്തുകള്‍ അംഗീകരിക്കുന്നില്ലെന്ന വിമര്‍ശനവും പൊലീസില്‍ നിന്നുണ്ട്.


കൊവിഡ് ചുമതലകള്‍ക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ജീവനക്കാരെ ആവശ്യമായാല്‍ അവശ്യ സര്‍വീസ് ഒഴികെ മറ്റു വകുപ്പുകളില്‍ നിന്ന് ജീവനക്കാരെ എടുക്കാമെന്ന നിര്‍ദേശവും പഞ്ചായത്തുകള്‍ പാലിക്കുന്നില്ല. പഞ്ചായത്ത് അധികാരികള്‍ ഇത്തരം നിലപാട് തുടരുകയാണെങ്കില്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കണ്ടി വരുമെന്ന് അരീക്കോട് പൊലീസ് വ്യക്തമാക്കി.




Tags:    

Similar News