കൊവിഡ് വ്യാപനം; അടുത്ത നാല് ആഴ്ച്ചകള്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്
സ്ഥിതിഗതികള്‍ നിസ്സാരമായി കാണരുതെന്ന് വിനോദ് കെ പോള്‍ മുന്നറിയിപ്പ് നല്‍കി.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ കേന്ദ്ര ആരോഗ്യവകുപ്പ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വരാനിരിക്കുന്ന നാല് ആഴ്ച്ചകള്‍ വളരെ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം പ്രൊഫസര്‍ വിനോദ് കെ പോള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിസ്സാരമായി കാണരുതെന്ന് വിനോദ് കെ പോള്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് സ്ഥിതി വഷളായെന്നും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ വേഗത കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല് ആഴ്ച രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും യാതൊരു മടിയും കൂടാതെ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കൊവിഡ് സ്ഥിതി ഗൗരവമായി കാണാനും മാസ്‌ക് ധരിക്കാനും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും വിനോദ് കെ പോള്‍ ആവശ്യപ്പെട്ടു.