കൊവിഡ് ; ഇഖ്‌റ ആശുപത്രിയിലെ ഡോക്ടറുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം
ഇഖ്‌റ ഹോസ്പിറ്റലിലെ ഒരു ഡോക്ടറും ഇത്തരത്തില്‍ ശബ്ദ സന്ദേശം അയച്ചിട്ടില്ല എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. കോഴിക്കോട്ടെ ഇഖ്‌റ ആശുപത്രിയിലെ ഡോക്ടറുടേത് എന്ന പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. നോമ്പു തുറക്കുന്ന സമയത്ത് തണുത്ത വെള്ളം കുടിക്കരുത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. തണുത്ത വെള്ളം കുടിച്ചാല്‍ തൊണ്ടയില്‍ പഴുപ്പ് വരുമെന്നും തൊണ്ട പരിശോധിക്കാന്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റും എന്നൊക്കെയാണ് ശബ്ദസന്ദേശത്തിലുള്ളത്. ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു.
'കോഴിക്കോട് കൊവിഡ് മോശമായ സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു. മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നു....' എന്നുള്ള അവാസ്തവമായ സന്ദേശവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. ഇഖ്‌റ ഹോസ്പിറ്റലിലെ ഒരു ഡോക്ടറും ഇത്തരത്തില്‍ ശബ്ദ സന്ദേശം അയച്ചിട്ടില്ല എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതില്‍ പറയുന്ന ശബ്ദം ഇഖ്‌റ ഹോസ്പിറ്റലിലെ ഒരു ഡോക്ടര്‍റുടേയും അല്ലെന്നും ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. കൊവിഡിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തി ജനങ്ങളെ ഭീതിയിലാക്കാനുള്ള ശ്രമമാണ് ഇത്തരം സന്ദേശങ്ങള്‍ക്കു പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.