കൊവിഡ് വര്‍ധിക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്
ലണ്ടന്‍: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ സ്‌കൂളുകളും കടകളും അടച്ചുപൂട്ടുന്നതുള്‍പ്പെടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡച്ച് മാധ്യമങ്ങളായ എന്‍ഒഎസും ആര്‍ടിഎല്ലും അഭിപ്രായപ്പെട്ടു.
ബ്രിട്ടന്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. ലണ്ടനില്‍ ഏറ്റവും കഠിനമായ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്നും ബിബിസി അഭിപ്രായപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങളെ ഉള്‍പ്പടെ ഇത് ബാധിച്ചേക്കാമെന്നും ബിബിസി പറയുന്നു.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം ഏറ്റവും മോശമായ അവസ്ഥയാണ് ദക്ഷിണ കൊറിയയിലുള്ളത്. കൊവിഡിന്റെ മൂന്നാം വ്യാപനത്തില്‍ പോളണ്ടില്‍ ഭീഷണി തുടരുകയാണെന്ന് ആരോഗ്യമന്ത്രി ആദം നീഡ്‌സിയല്‍സ്‌കി പറഞ്ഞു, നിലവിലെ നിയന്ത്രണങ്ങള്‍ കുറഞ്ഞത് ജനുവരി 17 വരെ തുടരണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തു.