കൊവിഡ് ബാധിച്ച ഭര്‍ത്താവ് ചികിത്സ ലഭിക്കാതെ മരിച്ചു: ഭാര്യക്കെതിരെ കേസെടുത്തു
എന്നാല്‍ രോഗം സ്ഥിരീകരിച്ച ഭര്‍ത്താവിനെ ആശുപത്രിയിലെത്തിക്കാന്‍ ഭാര്യ തയാറായില്ല. വീട്ടില്‍ തന്നെ കഴിഞ്ഞ രോഗി ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തു.
മുംബൈ: കൊവിഡ് സ്ഥിരീകരിച്ച ഭര്‍ത്താവ് ചികിത്സ ലഭിക്കാതെ മരിച്ചതിനെ തുടര്‍ന്ന് ഭാര്യക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഭന്‍ദാര ജില്ലയിലെ ലാഖന്ദൂരിലാണ് സംഭവം. പനിയും മറ്റ് അസുഖങ്ങളും ബാധിച്ച കടുംബനാഥന് കൊവിഡാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. എന്നാല്‍ രോഗം സ്ഥിരീകരിച്ച ഭര്‍ത്താവിനെ ആശുപത്രിയിലെത്തിക്കാന്‍ ഭാര്യ തയാറായില്ല. വീട്ടില്‍ തന്നെ കഴിഞ്ഞ രോഗി ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തു.
തുടര്‍ന്ന് തെഹ്‌സില്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് ഭാര്യക്കെതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് ഐപിസി സെക്ഷന്‍ 188 പ്രകാരം പോലീസ് കേസെടുത്തു. രോഗിയോടുള്ള അവഗണനക്കാണ് കേസെടുത്തത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ കേസെടുക്കുന്നത്.