കൊവിഡ് : മധ്യപ്രദേശിലെ മൂന്നു നഗരങ്ങളില്‍ ലോക്ഡൗണ്‍
സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി നല്‍കിയതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു.
ഭോപ്പാല്‍: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂര്‍ണമായും അടച്ചിടും. പുതിയ നിയന്ത്രണങ്ങളനുസരിച്ച് വ്യാപാരസ്ഥലങ്ങള്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ അടച്ചിടും.
സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി നല്‍കിയതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്കും തിരിച്ചുമുള്ള എല്ലാ ബസ് സര്‍വീസുകളും മാര്‍ച്ച് 20 മുതല്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രതിദിന വാക്‌സിന്‍ വിതരണം അഞ്ച് ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച 1,140 പേര്‍ക്കാണ് മധ്യപ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,73,097 ആയി. കൊവിഡ് വ്യാപനം കൂടുതല്‍ വേഗത്തില്‍ വീണ്ടും വര്‍ധിക്കുന്നത് കണക്കിലെടുത്ത് സാമ്പത്തിക ക്രയവിക്രയങ്ങള്‍ ദീര്‍ഘകാലം നിര്‍ത്തി വെക്കാനാവില്ലെന്ന് ശിവ് രാജ് സിങ് ചൗഹാന്‍ വ്യാഴാഴ്ച ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമായി നടത്തിയ അടിയന്തരയോഗത്തില്‍ വ്യക്തമാക്കിയിരുന്നു.