കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപണം: തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 49 വിദേശികള്‍ക്ക് പിഴയിട്ടു

കൊവിഡ് 19 വ്യാപനം തടയാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഇവര്‍ ലംഘിച്ചതായി കോടതി വിലയിരുത്തി.

Update: 2021-02-25 16:45 GMT

ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 49 വിദേശ പൗരന്മാര്‍ക്ക് ലക്‌നൌ കോടതി പിഴയിട്ടു. 1500 രൂപ വീതം പിഴയൊടുക്കാനാണ് കോടതി ആവശ്യപ്പെട്ടത്. തായ്‌ലാന്‍ഡ്, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശില്‍ എത്തിയ 49 പേര്‍ക്കാണ് പിഴയിട്ടത്. കൊവിഡ് 19 വ്യാപനം തടയാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഇവര്‍ ലംഘിച്ചതായി കോടതി വിലയിരുത്തി.


ലക്‌നൗ, ബഹ്‌റൈച്ച്, സിതാപൂര്‍, ബദോഹി എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ പ്രത്യേക തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ കേസ് കൊടതിയിലെത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വിസ കയ്യിലുണ്ടായിരുന്ന വിനോദ സഞ്ചാരികളായിരുന്നു തങ്ങളെന്നാണ് ഈ വിദേശ പൗരന്മാര്‍ കോടതിയെ അറിയിച്ചത്. ഇവര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തു എന്നതിനാല്‍ ഇവര്‍ വിസച്ചട്ടം ലംഘിച്ചതിനോ, രാജ്യത്ത് കൊവിഡ് പടര്‍ത്തിയതിനോ തെളിവുകള്‍ ഒന്നുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി മുംബൈ പൊലീസ് എടുത്ത എഫ്‌ഐആര്‍ റദ്ദാക്കിയത്. 36 വിദേശ തബ്‌ലീഗ് പ്രതിനിധികളെ ഡല്‍ഹി കോടതിയും കുറ്റവിമുക്തരാക്കിയിരുന്നു.


നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 955 വിദേശികള്‍ക്കെതിരായാണ് ഡല്‍ഹി പോലിസ് കേസെടുത്തത്. ഇതില്‍ ഭൂരിഭാഗം പേരും മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയിരുന്നു. 44 പേരാണ് വിചാരണയ്ക്ക് വിധേയരാകാന്‍ തീരുമാനിച്ചത്. നേരത്തെ പ്രാഥമിക തെളിവുകളുടെ അഭാവത്തില്‍ എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.




Tags:    

Similar News