വ്യാപക അടച്ചിടല്‍ ഒഴിവാക്കണം; കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കണമെന്നും ഐഎംഎ
ദേശീയ തലത്തില്‍ വ്യാപനം നിയന്ത്രണത്തിലേക്കു നീങ്ങുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് രൂക്ഷമായ വ്യാപനം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വ്യാപക അടച്ചിടലുകള്‍ ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാവശ്യമായ ശക്തമായ നടപടികളുണ്ടാവണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ദേശീയ തലത്തില്‍ വ്യാപനം നിയന്ത്രണത്തിലേക്കു നീങ്ങുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് രൂക്ഷമായ വ്യാപനം തുടരുന്നു. ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ അലംഭാവം ഉണ്ടാകുന്നു. കൃത്യമായ രീതിയില്‍ മാസ്‌ക് ധരിക്കുന്നതിലും മറ്റു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ വേണം. ഒമീക്രോണ്‍ വ്യാപനം അറിയുന്നതിനാവശ്യമായ ജീനോമിക് സീക്വന്‍സിങ്ങ് പരിശോധനകളും എസ്. ജീന്‍ പഠനങ്ങളും നടത്താന്‍ ആവശ്യമായ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആവശ്യമാണ്.
ആശുപത്രി സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതില്‍ കരുതല്‍ ശ്രദ്ധ ഉണ്ടാകണം. ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിലവിലുള്ള എണ്ണം അപര്യാപ്തമാണ്. ഹോം ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതോടൊപ്പം രോഗാവസ്ഥ കൂടുന്നവരെ വേഗം തന്നെ ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. മുന്‍ തരംഗങ്ങള്‍ പ്രതിരോധിച്ചതില്‍ വലിയ പങ്കു വഹിച്ച കൊവിഡ് ബ്രിഗേഡ്, CFLTC-കള്‍ തുടങ്ങിയവ ഇന്നു പ്രവര്‍ത്തന സജ്ജമല്ല. ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗാതുരരാകുമ്പോള്‍ പകരം ആളുകളെ നിയമിക്കാന്‍ വേണ്ട സംവിധാനങ്ങളുണ്ടാകണം. മൂന്നാം ഡോസ് വാക്‌സിന്‍ നിര്‍ദ്ദേശിക്കപ്പെട്ട ആളുകള്‍ക്ക് എത്രയും വേഗം അതു നല്‍കണം. വലിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകണം. വരുന്ന ഏതാനും ആഴ്ചകള്‍ വളരെ നിര്‍ണായകമായതിനാല്‍ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്.
പൂര്‍ണമായ അടച്ചിടലുകളല്ല മറിച്ച് ശക്തമായ കൊവിഡ് വ്യാപന നിയന്ത്രണ നടപടികളാണ് ആവശ്യം. നിയന്ത്രണമാനദണ്ഡങ്ങള്‍ സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും വേണ്ട രീതിയില്‍ നടപ്പാക്കിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊവിഡ് നിയന്ത്രണം സാദ്ധ്യമാണ്. വ്യാപക അടച്ചിടലുകള്‍ ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള ശക്തമായ നടപടികളിലൂടെ നിയന്ത്രണം സാദ്ധ്യമാക്കണമെന്ന് ഐഎംഎ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.