കൊവിഡ് വ്യാപനം: പത്തനംതിട്ടയില്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നത് നിരോധിച്ചു
സര്‍ക്കാര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം.
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ കലക്ടറും ജില്ലാ മജിസ്ട്രേട്ടുമായ പി.ബി. നൂഹ് ഉത്തരവു പുറപ്പെടുവിച്ചു. സിആര്‍പിസി 144-ാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നത്് നിരോധിച്ചു. ഇന്ന് (ഒക്ടോബര്‍ 3) രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനം മാസ്‌ക് ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, ഹാന്‍ഡ് സാനിറ്റൈസെര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കുക. വിവാഹത്തിന് 50 പേരില്‍ കൂടുതലും ശവസംസ്‌കാരത്തിന് പരമാവധി 20 പേരില്‍ കൂടുതലും പങ്കെടുക്കാന്‍ പാടില്ല.
സര്‍ക്കാര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. ചന്തകള്‍, ബസ് സ്റ്റാന്‍ഡ്, പൊതുഗതാഗതം, ഓഫീസുകള്‍, കടകള്‍, റസ്റ്ററന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷാ കേന്ദ്രങ്ങള്‍, റിക്രൂട്ട്‌മെന്റ്, മറ്റ് വാണിജ്യ -വ്യവസായ സ്ഥാപനങ്ങള്‍, അനുവദനീയമായ പ്രാഥമിക, ദ്വിദീയ, തൃതീയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
പൊതുജനങ്ങള്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തുക. ആളുകള്‍ കൂടുവാന്‍ സാധ്യതയുള്ള ചന്തകള്‍, ബസ് സ്റ്റാന്റ്, മറ്റ് പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും അണുനശീകരണ പ്രവര്‍ത്തനം നടത്തണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ പി സി 188 വകുപ്പ് പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു