കൊവിഡ് വ്യാപനം രൂക്ഷം; കാസര്‍കോഡ് ജില്ലയില്‍ ഏപ്രില്‍ 19ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം
കാസര്‍കോഡ്: കൊവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിഎഫ്എല്‍ടിസി സജ്ജീകരിക്കുന്നതുള്‍പ്പടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍മാരുടേയും ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുടേയും യോഗം ഏപ്രില്‍ 19ന് രാവിലെ 10.30ന് ഓണ്‍ലൈനില്‍ ചേരും. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
കൊവിഡ്19ന്റെ രണ്ടാം തരംഗത്തില്‍ കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധ അതിതീവ്രമാണ്. ഏപ്രില്‍ 13 മുതല്‍ 18 വരെ ജില്ലയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളില്‍ രോഗവ്യാപനത്തിന്റെ തീവ്രത കണക്കാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ അധികമാണ്. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരിക്കുന്നത്.