രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത മധ്യപ്രദേശ് ബിജെപി എംഎല്‍എയ്ക്ക് കൊവിഡ്; രോഗസാധ്യത ബോധപൂര്‍വം മറച്ചുവച്ചതിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

Update: 2020-06-20 10:30 GMT

ഭോപാല്‍: ജൂണ്‍ 19ന് നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ബിജെപി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എംഎല്‍എയ്ക്കു പുറമെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അസംബ്ലി മന്ദിരത്തില്‍ വോട്ട് ചെയ്യാനെത്തിയ എംഎല്‍യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസം ബിജെപി പാര്‍ലമെന്ററി യോഗത്തിലും പങ്കെടുത്തിരുന്നതായി റിപോര്‍ട്ടുണ്ട്.

മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തുടങ്ങിയവരും അംബ്ലി മന്ദിരത്തില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു.

മധ്യപ്രദേശില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ നിയമസഭാ സാമാജികനാണ് ഇദ്ദേഹം. നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ച കോണ്‍ഗ്രസ് എംഎല്‍എ പിപിഇ കിറ്റ് ധരിച്ച് അസംബ്ലി അംബ്ലി മന്ദിരത്തില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ എംഎല്‍എ വോട്ട് ചെയ്ത് മടങ്ങിയ ശേഷം അസംബ്ലി മന്ദിരം അണുവിമുക്തമാക്കി.

രോഗബാധ സംശയിക്കുന്ന ബിജെപി എംഎല്‍എ വോട്ട് ചെയ്യാനെത്തിയത് സംസ്ഥാനത്തെ മറ്റ് സാമാജികരെ കൂടി രോഗഭീഷണിയിലേക്ക് തള്ളിവിട്ടുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിജെപി എംഎല്‍എയുടെ ഭാര്യയുടെ സാംപിള്‍ തിരഞ്ഞെടുപ്പിന് 2 ദിവസം മുമ്പേ തന്നെ പരിശോധനയ്ക്കയച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതറിഞ്ഞിട്ടും മുന്‍കരുതലില്ലാതെ എംഎല്‍എ നിയമസഭാ മന്ദിരത്തില്‍ എത്തിയതുവഴി മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് കോണ്‍ഗ്രസ്സിന്റെ വാദം. ബോധപൂര്‍വം രോഗം പരത്താന്‍ ശ്രമിച്ച എംഎല്‍എയ്‌ക്കെതിരേ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് അജയ് യാദവ് ആവശ്യപ്പെട്ടു.

എംഎല്‍എയ്ക്കും ഭാര്യയ്ക്കും ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേരെയും ആശുപത്രിയിലാക്കിയിരിക്കുകയാണ്. 

ഇതേ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.  

Tags:    

Similar News