സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രം; ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയെന്നും മന്ത്രി വീണാ ജോര്‍ജ്
രോഗബാധ അതിതീവ്ര ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. കൊവിഡ് മൂന്നാം തരംഗമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി തീവ്രമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനം നേരിടുന്നത് കൊവിഡ് മൂന്നാം തരംഗമാണെന്നാണ് സൂചനകള്‍. രോഗ വ്യാപനം തുടക്കത്തില്‍ തന്നെ തീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സാഹചര്യം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും കണക്കുകള്‍ നിരത്തി ആരോഗ്യ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ രോഗബാധ അതിതീവ്ര ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. കരുതലോടെ നേരിടേണ്ട അവസ്ഥയാണ്. ഡല്‍റ്റയ്‌ക്കൊപ്പം ഒമിക്രോണും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ നിസാര വൈറസ് ആണെന്ന് തരത്തില്‍ പ്രചാരണങ്ങള്‍ ശക്തമാണ്. ഒമിക്രോണിനെ നിസാരമായി കാണരുത്. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി വ്യാപനമാണ് ഒമിക്രോണിന് ഉണ്ടാകുന്നത്. ഡെല്‍റ്റയില്‍ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഒമിക്രോണില്‍ ഈ അവസ്ഥയുണ്ടാവുന്നില്ലെന്നും മന്ത്രി പറയുന്നു.
രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രി, ഐസിയു രോഗികള്‍ വര്‍ധിക്കുന്ന അവസ്ഥയുണ്ടാവും. അതിനാല്‍ ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം കുറഞ്ഞ ആളുകള്‍ മാത്രം എത്താന്‍ ശ്രദ്ധിക്കണം. അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ഇതോടൊപ്പം സ്ഥാപനങ്ങള്‍ ക്ലസ്റ്റര്‍ കേന്ദ്രങ്ങളാകുന്ന സാഹചര്യം ഒഴിവാക്കണം. പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.