കൊവിഡ് ബാധിതരായ ഡയാലിസിസ് രോഗികള്‍ക്കായി ഇഖ്റ ഹോസ്പിറ്റലില്‍ പ്രത്യേക കേന്ദ്രം
കോഴിക്കോട്ഃ കൊവിഡ് ബാധിതരായ ഡയാലിസിസ് രോഗികള്‍ക്കായി ഇഖ്റ ഹോസ്പിറ്റലില്‍ പ്രത്യേക കേന്ദ്രം ആരംഭിക്കുന്നു. ജില്ലയില്‍ കൊവിഡ് രോഗബാധ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൊവിഡ് പോസിറ്റീവായ വൃക്കരോഗികള്‍ക്കായി 15 ഡയാലിസിസ് മെഷീനുകളും ഐസിയു, എച്ച്ഡിയു സംവിധാനങ്ങളും സഹിതം വെള്ളിമാട്കുന്നിലാണ് കേന്ദ്രം ആരംഭിക്കുക. എല്ലാ സൗകര്യങ്ങളോടും കൂടിയ 50 കിടക്കകളുള്ള വാര്‍ഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 24 മണിക്കൂര്‍ പ്രവര്‍ത്തനം ഉറപ്പാക്കിയിട്ടുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ രോഗികള്‍ക്ക് സൗജന്യമായാണ് പുതിയ കേന്ദ്രത്തില്‍ ചികിത്സ ഒരുക്കിയിരിക്കുന്നത്.
നേരത്തെ കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇഖ്റ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഐസിയു, എച്ച്ഡിയു സൗകര്യങ്ങളോടെ 100 കിടക്കളുള്ള ഒരു കൊവിഡ് ഹോസ്പിറ്റല്‍ എരഞ്ഞിപ്പാലത്ത് ആരംഭിച്ചിരുന്നു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഇഖ്റ തന്നെയാണ് ഈ ഹോസ്പിറ്റല്‍ നടത്തുന്നത്.