കൊവിഡ് വാക്‌സിന്‍: മാധ്യമപ്രവര്‍ത്തകരെ മുന്‍ഗണനാ പട്ടികയില്‍ പെടുത്തണം: കെയുഡബ്ല്യുജെ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ മാധ്യമ പ്രവര്‍ത്തകരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആദ്യ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഭരണ സംവിധാനങ്ങള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണു മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളിലൊന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടമുണ്ടായില്ല എന്നതു ഖേദകരമാണ്. പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ കൊവിഡ് മുന്നണി പോരാളികളുടെ പരിഗണന നല്‍കി മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം തുടക്കം മുതലേ പല തവണ സര്‍ക്കാര്‍ മുമ്പാകെ ഉന്നയിച്ചിരുന്നു. എന്നാല്‍, നാളിതുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല.
രണ്ടാം തരംഗത്തില്‍ ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ ദിനംപ്രതി കൊവിഡ് പോസിറ്റീവായി രോഗശയ്യയിലാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങളുടെ ചില പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ കൊവിഡ് ബാധയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നു. കൊവിഡ് പ്രതിരോധ ശ്രമങ്ങള്‍ അടക്കം അറിയേണ്ട കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സദാ ജാഗ്രതയോടെ നിലകൊള്ളുന്ന മാധ്യമ പ്രവര്‍ത്തകരുടെ ആരോഗ്യ രക്ഷയ്ക്കായി സര്‍ക്കാര്‍ ക്രിയാത്മക നടപടി സ്വീകരിക്കണം. കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അടിയന്തരമായി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും അഭ്യര്‍ഥിച്ചു.
Covid vaccination: Journalists should be put on priority list: KUWJ