40 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമം ഇല്ലാതെ കൊവിഡ് വാക്സിന്‍ നല്‍കും

Update: 2021-06-04 15:27 GMT
40 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമം ഇല്ലാതെ കൊവിഡ് വാക്സിന്‍ നല്‍കും

തിരുവനന്തപുരം: 40 മുതല്‍ 44 വയസ്സുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ കൊവിഡ് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2022 ജനുവരി ഒന്നിനു 40 വയസ്സ് തികയുന്നവര്‍ക്കും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് മുന്‍ഗണനാക്രമം ഇല്ലാതെ വാക്സിന്‍ നല്‍കുക. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

40 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ വാക്സിന്‍ ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ (https://www.cowin.gov.in/) രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപ്പോയ്മെന്റ് എടുക്കേണ്ടതാണ്. ഈ വിഭാഗത്തിന് സ്പോട് രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല. വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ളത്ര വാക്സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കും. ഈ വിഭാഗത്തിന് വെള്ളിയാഴ്ച (ഇന്ന്) മുതല്‍ ഓണ്‍ലൈനായി വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാം.

18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്സിനേഷന്‍ തുടരും. 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News