കൊവിഡ് സന്നദ്ധ പ്രവര്‍ത്തനം; സേവാഭാരതിക്ക് അനുമതി, സിഎച്ച് സെന്ററിന് ഇല്ല: കണ്ണൂര്‍ കലക്ടറുടെ നടപടി വിവാദത്തിലേക്ക്

ഐആര്‍പിസിയെയും അത്രയൊന്നും ഈ മേഖലയില്‍ സജീവമല്ലാതിരുന്ന സേവാഭാരതിയെയും റിലീഫ് ഏജന്‍സികളായ പ്രഖ്യാപിക്കുകയും എന്നാല്‍ സിഎച്ച് സെന്ററിന്റെ അപേക്ഷ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് വളരെ പക്ഷപാതപരമാണ്

Update: 2021-05-23 11:06 GMT

കണ്ണൂര്‍: കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന് ആര്‍എസ്എസ് സംഘടനയായ സേവാഭാരതിക്ക് അനുമതി നല്‍കിയ ജില്ലാ കലക്ടര്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സിഎച്ച് സെന്ററിന് അനുമതി നല്‍കാത്തത് വിവാദമാകുന്നു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള റിലീഫ് ഏജന്‍സിയായി സി.എച്ച്.സെന്ററിനെ കൂടി ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് മെയ് 12ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് ലീഗ് ജില്ലാ നേതൃത്വം കത്ത് നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച്ചയോളം ആയിട്ടും ഇത് പരിണിച്ചിട്ടില്ല. എന്നാല്‍ സേവാഭാരതിയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ സെക്രട്ടറി എം രാജീവന്‍ കലക്ടര്‍ ടി വി സുഭാഷിന് നല്‍കിയ അപേക്ഷ അംഗീകരിച്ചാണ് അവര്‍ക്ക് അനുമതി നല്‍കിയത്. നേരത്തെ സിപിഎമ്മിന്റെ കീഴിലുള്ള സന്നദ്ധസംഘടനയായ ഐആര്‍പിസിയെ റിലീഫ് ഏജന്‍സിയായി കലക്ടര്‍ പ്രഖ്യാപിച്ചിരുന്നു.

സന്നദ്ധ സേവന -ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സംവിധാനമാണ് സി എച്ച് സെന്ററുകളെന്നും കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന് അനുമതി തേടിയുള്ള കത്ത് പരിഗണിക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറാവാത്തത് ഖേദകരമാണെന്നും കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഐആര്‍പിസിയെയും അത്രയൊന്നും ഈ മേഖലയില്‍ സജീവമല്ലാതിരുന്ന സേവാഭാരതിയെയും റിലീഫ് ഏജന്‍സികളായ പ്രഖ്യാപിക്കുകയും എന്നാല്‍ സിഎച്ച് സെന്ററിന്റെ അപേക്ഷ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് വളരെ പക്ഷപാതപരമാണ്. സി.എച്ച്.സെന്ററിന്റെ പേരില്‍ വീണ്ടും ഒരു അപേക്ഷ കലക്ടറേറ്റില്‍ നല്‍കിയതായും അനുകൂലമായ ഒരു തീരുമാനം ജില്ലാ ഭരണകൂടത്തില്‍ ഉടന്‍ ലഭിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങുമെന്നും അഡ്വ.അബ്ദുല്‍ കരീം ചേലേരി അറിയിച്ചു.

Tags:    

Similar News