'കേരളാ കോണ്‍ഗ്രസിനെ ഉപയോഗിച്ച് ഒതുക്കാന്‍ ശ്രമിച്ചു'; സിപിഐ കോട്ടയം സമ്മേളനത്തിലും സിപിഎമ്മിനെതിരേ വിമര്‍ശനം

Update: 2022-08-07 13:54 GMT

കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സിപിഐ സമ്മേളനത്തില്‍ മുഖ്യ ഭരണപക്ഷ പാര്‍ട്ടിയായ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് ഉയര്‍ന്നുകേട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സിപിഎം മന്ത്രിമാര്‍ക്കെതിരേയും അടക്കം സിപിഐ സമ്മേളനങ്ങളില്‍ കുറ്റപ്പെടുത്തലുണ്ടായി. ഇതിന് പിന്നാലെയാണ് കോട്ടയം ഏറ്റുമാനൂരില്‍ തുടങ്ങിയ സിപിഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപോര്‍ട്ടില്‍ സിപിഎമ്മിനെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐയെ ഒതുക്കാന്‍ സിപിഎം ശ്രമിച്ചെന്നാണ് റിപോര്‍ട്ടിലെ വിമര്‍ശനം. ഇങ്ങനെ ഒരു സാഹചര്യമുണ്ടായപ്പോള്‍ പലയിടത്തും പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. ഇതാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കണ്ടതെന്ന് റിപോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറയാതെയും സിപിഐ റിപോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ടാണ് റിപോര്‍ട്ട് ആരംഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സര്‍ക്കാരിന് വിമര്‍ശനം. മുന്നണിയുടെ പൊതുസ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് തുടര്‍ഭരണം ലഭിച്ചത്.

എന്നാല്‍, ഈ വസ്തുത അവഗണിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതാണ് ഭരണത്തുടര്‍ച്ചയില്‍ ആകമാനം കാണുന്നത്. ചില വ്യക്തികളുടെ കഴിവുകൊണ്ടാണ് തുടര്‍ഭരണമെന്ന ധാരണയാണുണ്ടാക്കുന്നത്. ഒന്നാം വാര്‍ഷിക പരസ്യത്തില്‍ ഇടത് സര്‍ക്കാര്‍ എന്ന പരാമര്‍ശം ഒരിടത്തുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ക്കൊണ്ടാണ് സിപിഎമ്മിനെതിരേ സിപിഐ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. സിപിഐ അംഗങ്ങള്‍ക്കിടയില്‍ ഇത് കടുത്ത വിമര്‍ശനത്തിന് കാരണമായെന്നും റിപോര്‍ട്ടില്‍ പറയുന്നു.

അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായി. സിപിഎം മന്ത്രിമാരില്‍ ചിലര്‍ ബൂര്‍ഷാ പാര്‍ട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു. എല്‍ഡിഎഫിന്റെ മാതൃക പദ്ധതിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനം ഏറ്റെടുത്ത എച്ച്എന്‍എല്‍. എന്നാല്‍, ഇതിന്റെ തുടര്‍വികസന കാര്യങ്ങള്‍ വ്യവസായ മന്ത്രി ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നു. സിപിഐ എംഎല്‍എ ഉള്ള വൈക്കം നിയോജക മണ്ഡലത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിപിഐ സമ്മേളനങ്ങളിലുയരുന്ന വിമര്‍ശനങ്ങളെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ന്യായീകരിച്ചു. പാര്‍ട്ടിയില്‍ വിമര്‍ശനവും സ്വയം വിമര്‍ശനവുമുണ്ടാവും. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. സിപിഐ എതെങ്കിലും പാര്‍ട്ടിയില്‍ കൊണ്ടുപോയി സറണ്ടര്‍ ചെയ്‌തെന്ന് പറയുന്നവരോട് സഹതാപം മാത്രമാണുള്ളത്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദിയില്‍ കൃത്യമായി പറയുന്നുണ്ട്. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുകയെന്നതാണ് സിപിഐയുടെ കടമയെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സിപിഐ പത്തനംതിട്ട സമ്മേളനത്തിലും നേതാക്കള്‍ക്കും സിപിഎമ്മിനും മന്ത്രിമാര്‍ക്കുമെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് കാനം രാജേന്ദ്രന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തെറ്റുകള്‍ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നത്. തെറ്റായ വിഷയങ്ങളില്‍ എതിര്‍ശബ്ദങ്ങളോ വിമര്‍ശനങ്ങളോ ഉന്നയിക്കാന്‍ സെക്രട്ടറി തയ്യാറാവുന്നില്ലെന്നും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ തുറന്നടിച്ചു.

Tags:    

Similar News