500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍
നേരത്തെ 108 ആംബുലന്‍സ് ഡ്രൈവറായിരുന്ന സുബിലാഷ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്
കണ്ണൂര്‍ : കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ഇരിട്ടി ചീങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറി എ സുബിലാഷിനെയാണ് മയക്കുമരുന്നു കേസില്‍ മൈസൂര്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഇയാളുടെ സഹോദരന്‍ സുബിത്തും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. മയക്കുമരുന്ന് കടത്ത് സംഘത്തിന് ഒളിവില്‍ കഴിയാന്‍ സുബിലാഷ് സഹായം ചെയ്‌തെന്ന വിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മൈസൂരുവില്‍ നിന്നുള്ള എട്ടംഗ ക്രൈംബ്രാഞ്ച് സംഘം രാവിലെ ഇരിട്ടിയിലെത്തിയിരുന്നു.സുബിലാഷിനെ കസ്റ്റഡിയിലെടുക്കാന്‍ കേരള പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. കോളിക്കടവിലെ വീട്ടില്‍ നിന്നാണ് സുബിലാഷിനെ കസ്റ്റഡിയിലെടുത്തത്. മൈസൂരുവിലേക്കെത്തിച്ച സുബിലാഷിനെയും സഹോദരനെയും സെന്റ് ഫിലോമിന പള്ളിക്ക് സമീപത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ 108 ആംബുലന്‍സ് ഡ്രൈവറായിരുന്ന സുബിലാഷ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇയാള്‍ക്ക് പൊലീസ് ക്ലിയറന്‍സ് ഇല്ലാതെ ജോലി നല്‍കിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരാഴ്ച്ചയായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു.