കേന്ദ്രത്തിനെതിരേ വിമര്‍ശനം; കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം കോണ്‍ഗ്രസ്, പോപുലര്‍ ഫ്രണ്ട് നേതാക്കളടക്കം 50 ഓളം പ്രമുഖരുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെട്ട മുസ്‌ലിം വിരുദ്ധതയെ വിമര്‍ശനവിധേയമാക്കുന്ന ട്വീറ്റുകളാണ് ബ്ലോക് ചെയ്യപ്പെട്ടവയില്‍ മിക്കവയും.

Update: 2021-04-25 11:49 GMT

ന്യൂഡല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയെ വിമര്‍ശിച്ച രാജ്യത്തെ ഏതാനും പ്രമുഖരുടെ ട്വീറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ട്വിറ്റര്‍ റദ്ദാക്കി. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എസ്ഡിപിഐ നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, ബംഗാളിലെ മന്ത്രി മൊലൊയ് ഘട്ടക്, തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി രെവാന്ദ് റെഡ്ഡി, പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം, മുന്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ എം അബ്ദുല്‍ റഹ്മാന്‍, ടിവി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് കാപ്രി, എബിപി ന്യൂസ് എഡിറ്റര്‍ പങ്കജ് ഝാ തുടങ്ങി അമ്പതോളം പേരുടെ ട്വീറ്റുകളാണ് ട്വിറ്റര്‍ ഒഴിവാക്കിയത്. കൊവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനമാണ് ട്വീറ്റുകള്‍ നീക്കം ചെയ്യുന്നതിന് കാരണണായതെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നിയമപരമായി നല്‍കിയ നോട്ടിസ് പ്രകാരമാണ് ട്വീറ്റുകള്‍ നീക്കിയതെന്ന് ദി പ്രിന്റിന്റെ അന്വേഷണങ്ങള്‍ക്കു മറുപടിയായി ട്വിറ്റര്‍ അറിയിച്ചു.

ട്വിറ്റര്‍ മൈക്രോ ബ്ലോഗിങ് സൈറ്റുകളെ കുറിച്ച് ഡാറ്റ ശേഖരിക്കുന്ന ഹാര്‍വാര്‍ഡിലെ ബെര്‍ക്മാന്‍ ക്ലെയ്ന്‍ കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നടത്തിയ പ്രതികരണത്തില്‍ ഏപ്രില്‍ 22ന് നടത്തിയ 32 ട്വീറ്റുകളും ഏപ്രില്‍ 23 ചെയ്ത 21 ട്വീറ്റുകളും അടക്കം 54 ട്വീറ്റുകളാണ് ഒഴിവാക്കിയിരിക്കുന്നതെന്ന് ട്വിറ്റര്‍ അറിയിച്ചു.

ഏപ്രില്‍ 22ാം തിയ്യതി ഇന്ത്യയില്‍ പുതുതായി 3.14 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് ലക്ഷം പേരിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് അതാദ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ചയെ പലരും ട്വിറ്ററിലൂടെ വിമര്‍ശനവിധേയമാക്കിയത്.

സര്‍ക്കാര്‍ നല്‍കിയ നോട്ടിസിനെക്കുറിച്ച് പ്രതികരണമാരാഞ്ഞ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഇന്‍ചാര്‍ജ് മോനിക്കയുമായി ദി പ്രിന്റ് ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.

ഏപ്രില്‍ 23ാം തിയ്യതി ട്വീറ്റുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തില്‍ പോസ്റ്റുകള്‍ അവലോകനം ചെയ്തതായി വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ മാത്രമല്ല, നടപടി നേരിടുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ മുന്‍ കാലങ്ങൡ പ്രത്യക്ഷപ്പെട്ട 'സ്പര്‍ധയുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന' ട്വീറ്റുകളുടെ പേരിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെയോ പാര്‍ട്ടിനേതാക്കളെയോ ലക്ഷ്യംവച്ചല്ല നടപടിയെന്നും ഇന്ത്യയിലെ ഐടി നിയമത്തിന് വിരുദ്ധമായതിനാലാണ് നടപടി ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഏതെങ്കിലും വിഷയത്തില്‍ ഒരു രാജ്യം നിയമപരമായി നോട്ടിസ് നല്‍കിയാല്‍ ട്വിറ്ററിന്റെ നിയമമനുസരിച്ചും പ്രദേശിക നിയമമനുസരിച്ചും പരിശോധിക്കുകയാണ് ട്വിറ്ററിന്റെ പൊതുരീതി. ട്വിറ്റര്‍ നിയമത്തിന് എതിരാണെങ്കില്‍ ട്വീറ്റ് നീക്കം ചെയ്യും. പ്രാദേശിക നിയമത്തിനെതിരാണെങ്കില്‍ ആ പ്രത്യേക പ്രദേശത്തു മാത്രം ട്വീറ്റ് ബ്ലോക്ക് ചെയ്യും.

ഖേറ, ഘട്ടക്, റെഡ്ഡി തുടങ്ങിയവരുടെ ട്വീറ്റുകള്‍ ഇന്ത്യയില്‍ മാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. ഇന്ത്യക്ക് പുറത്തുനിന്ന് അത് കാണാനാവും. ട്വീറ്റുകള്‍ നീക്കം ചെയ്്തതിനെതിരേ ഖേര കോടതിയെ സമീപിക്കുന്നുണ്ട്. 


ഇന്ത്യയില്‍ ഏതാനും കൊവിഡ് കേസുകള്‍ മാത്രമുണ്ടായിരുന്ന സമയത്ത് തബ്‌ലീഗി ജമാഅത്തിനെതിരേ പൊതുവികാരമുണ്ടായെന്നും എന്നാല്‍ രാജ്യത്ത് കൂടുതല്‍ കേസുകളുണ്ടായ രണ്ടാം തരംഗസമയത്ത് നടന്ന കുംഭമേളയിലെ ജനക്കൂട്ടത്തെ വിമര്‍ശിക്കാതെ നിശ്ശബ്ദത പാലിച്ചുവെന്നുമാണ് ഖേര ഏപ്രില്‍ 12ന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്. അത്് 3,800 തവണ റിട്വീറ്റ് ചെയ്യപ്പെട്ടു. 11,000 ലൈക്കും ലഭിച്ചു.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പ്രശ്‌നം കൊണ്ട് ആളുകള്‍ മരിച്ചുവീഴുന്നത് രാജ്യം പൊറുക്കില്ലെന്നതായിരുന്നു പ്രധാനമന്ത്രി മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മൊലൊയ് ഘട്ടക്കിന്റെ ട്വീറ്റ്. ആരോഗ്യസംവിധാനം തകര്‍ന്നതിനെ വിമര്‍ശിക്കുന്ന റെഡ്ഡിയുടെ ട്വീറ്റ് #ModiMadeDisaster" എന്ന ഹാഷ് ടാഗോടെയായിരുന്നു പ്രസിദ്ധീകരിച്ചത്. നീക്കം ചെയ്യപ്പെട്ട മിക്കവാറും ട്വീറ്റുകള്‍ കുംഭമേളയെ വിമര്‍ശിക്കുന്നതായിരുന്നു. 


കുംഭമേളയെയും തബ്‌ലീഗ് ജമാഅത്തിനെയും താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെയും ഓടയിലെ ജലത്തെയും താരതമ്യം ചെയ്യുന്നതിന് തുല്യമാണെന്നും കുംഭമേള നിയന്ത്രിക്കേണ്ടതില്ലെന്നുമുള്ള വിഎച്ച്പി നേതാവിന്റെ പരാമര്‍ശത്തെ വിമര്‍ശിക്കുന്നതായിരുന്നു ഇ എം അബ്ദുറഹിമാന്റെ ട്വീറ്റ്. കൊറോണ വൈറസിന് ഇവ തമ്മിലുള്ളവ്യത്യാസം തിരിച്ചറിയാനാവില്ലെന്നതാണ് പ്രശ്‌നമെന്നും ട്വീറ്റില്‍ അബ്ദുറഹിമാന്‍ പരിഹസിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലിന്റെ വേരിഫൈഡ് അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. 'തബ്‌ലീഗി ജമാഅത്ത് കൊറോണ ജിഹാദായിരുന്നു, എന്നാല്‍ ദശലക്ഷക്കണക്കിനുപേര്‍ പങ്കെടുത്ത കുംഭമേളയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല എന്നായിരുന്നു അവരുടെ ട്വീറ്റില്‍ പറഞ്ഞിരുന്നത്. 


കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെട്ട മുസ്‌ലിം വിരുദ്ധതയെ വിമര്‍ശനവിധേയമാക്കുന്ന ട്വീറ്റുകളാണ് ബ്ലോക് ചെയ്യപ്പെട്ടവയില്‍ മിക്കവയും.

Tags:    

Similar News