വെള്ളപ്പൊക്കത്തില്‍ മുങ്ങി വഡോദര; മുതലകള്‍ നടുറോഡില്‍

Update: 2019-08-01 12:40 GMT

വഡോദര: കനത്തമഴ തുടരുന്ന ഗുജറാത്തിലെ വഡോദരയില്‍ നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നീന്തിയെത്തിയത് പുതിയ ഭീഷണികള്‍. മുതലകളാണ് വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ഭീഷണിയായി എത്തിയിരിക്കുന്നത്.

കനത്ത വര്‍ള്‍ച്ചയില്‍ നീങ്ങവെയാണ് ഗുജറാത്തില്‍ മഴയെത്തിയത്. എന്നാല്‍ തുടര്‍ച്ചയായി പെയ്തതോടെ വഡോദര ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളം ഉയര്‍ന്നു. ജനങ്ങള്‍ വീടുകളുടെ ടെറസുകളിലും കെട്ടിടങ്ങളിലും അഭയം പ്രാപിച്ചിരിക്കവെയാണ് മുതലകള്‍ ഇവിടങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് ട്വിറ്ററില്‍ വഡോദരയില്‍ മുതലയെന്ന ഹാഷ്ടാഗിലാണ് ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ആദ്യവീഡിയോയില്‍ നഗരത്തിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ തെരുവുനായ്ക്കളുടെ അടുത്തേക്ക് ഒഴികിയെത്തിയ ഒരു മുതലയുടെ ആക്രമണമാണ് ചിത്രീകരിച്ചിരിക്കുന്നത്.

രണ്ടാമത്തേതില്‍ അകോത എന്ന പ്രദേശത്ത് രാത്രിയില്‍ റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന മറ്റൊരു മുതലയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വെള്ളത്തില്‍ മുതലകളുടെ സാന്നിദ്യം സ്ഥിരീകരിച്ചതോടെ പരിഭ്രാന്തിയിലാണ് ജനങ്ങള്‍. നേരത്തെ വരള്‍ച്ചാ സമയത്തും വഡോദരയില്‍ നിരവധി മുതലകള്‍ വീടുകളിലേക്ക് എത്തിയിരുന്നു. തടാകങ്ങളിലെ വെള്ളം വറ്റിയതോടെയായിരുന്നു അന്ന് മുതലകള്‍ എത്തിയിരുന്നത്.

Similar News