രണ്ടര വയസുകാരിയോട് കൊടും ക്രൂരത: കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു, മൂന്നു ആയമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: രണ്ടര വയസുകാരിയോട് കൊടും ക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിനെതുടര്‍ന്ന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമ സമിതിയില്‍ ആണ് സംഭവം. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം ശിശുക്ഷേമസമിതി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നഖം കൊണ്ട് നുള്ളിയ പാടുണ്ടായിരുന്നു.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയാണ് പോലിസിന് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് ആയമാരാണ് അറസ്റ്റിലായത്. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും താത്കാലിക ജീവനക്കാരാണ്.103 ഓളം താല്‍ക്കാലിക ജീവനക്കാര്‍ ആയമാര്‍ ആയി ഇവിടെ ജോലി ചെയ്യുന്നുണ്ട്. പ്രതികള്‍ക്കെതിരേ പോക്‌സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി. എങ്കിലും സംഭവിക്കാന്‍ പാടില്ലാത്തത് എന്നുതന്നെയാണ് ഞങ്ങളുടെ നിലപാട്. ആ നിലപാടിന്റെ ഭാഗമായിട്ടാണ് ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മുമ്പൊന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. താല്‍ക്കാലിക ജീവനക്കാരാണ് ആരോപണവിധേയരായ മൂന്ന് ആയമാരും. ഏറ്റവും കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്. കുട്ടികളെ നോക്കാന്‍ ആളുകളെ കിട്ടാതെ വന്നപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതാണ്. ഒരു കുട്ടി ആശുപത്രിയിലായാല്‍ രണ്ട് ആയമാര്‍ കുഞ്ഞിനെ നോക്കാന്‍ വേണം. വലിയ സാമ്പത്തിക പ്രതിസന്ധിയും ബാധ്യതയുമൊക്കെയാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകാനായി നേരിടുന്നത്. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയപാടുമാത്രമാണ് ഇപ്പോള്‍ കാണാനുള്ളത്. ആ ചെറിയപാടുപോലും കുട്ടികളില്‍ ഉണ്ടാവാന്‍ പാടില്ല എന്നതുകൊണ്ടാണ് സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നിയമനടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
UPDATED ON 6.25PM