
ന്യൂഡല്‍ഹി: മരങ്ങള്‍ മുറിക്കുന്നത് മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ മോശമാണെന്ന് സുപ്രിംകോടതി. നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരാള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുന്നതായും കോടതി പറഞ്ഞു. സംരക്ഷിത താജ് ട്രപീസിയം സോണിലെ 454 മരങ്ങള്‍ മുറിച്ചുമാറ്റിയ ഒരാളുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
മഥുര-വൃന്ദാവനിലെ ഡാല്‍മിയ ഫാമിലെ 454 മരങ്ങള്‍ മുറിച്ചതിന് ശിവശങ്കര്‍ അഗര്‍വാള്‍ എന്നയാള്‍ക്ക് ഒരു മരത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ ശുപാര്‍ശ ചെയ്ത കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റി (സിഇസി) റിപോര്‍ട്ട് കോടതി അംഗീകരിച്ചു.

'പരിസ്ഥിതി കേസില്‍ ഒരു ദയയും പാടില്ല. ധാരാളം മരങ്ങള്‍ മുറിക്കുന്നത് ഒരു മനുഷ്യനെ കൊല്ലുന്നതിനേക്കാള്‍ മോശമാണ്,' ബെഞ്ച് പറഞ്ഞു. വെട്ടിമാറ്റിയ 454 മരങ്ങള്‍ സൃഷ്ടിച്ച പച്ചപ്പ് പുനഃസൃഷ്ടിക്കാന്‍ കുറഞ്ഞത് 100 വര്‍ഷമെടുക്കുമെന്ന് സുപ്രിംകോടതി പറഞ്ഞു.

താജ് ട്രപീസിയം സോണിലെ വനം ഒഴികെയുള്ളതും സ്വകാര്യ ഭൂമിയിലുള്ളതുമായ മരങ്ങള്‍ മുറിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിബന്ധന നീക്കം ചെയ്ത 2019 ലെ ഉത്തരവും സുപ്രിംകോടതി റദ്ദാക്കി.