തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍ പോലിസില്‍ പരാതി നല്‍കി. തനിക്ക് ഭീഷണിയുള്ളതായി കാട്ടി ഡിജിപിക്കാണ് പരാതി നല്‍കിയത്. സിപിഎം കൊടി കത്തിച്ചുള്ള പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വീണക്കെതിരേ ഭീഷണി ഉയര്‍ന്നിരുന്നു.
വീണക്കെതിരെയുള്ള സൈബര്‍ ആക്രമണം സര്‍ക്കാരിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. പച്ചത്തെറി വിളിക്കുകയാണ്. വ്യാപകമായ ആക്രമണമാണ് നടത്തുന്നത്. ഇതാണോ സ്ത്രീപക്ഷ സര്‍ക്കാരെന്നും സതീശന്‍ ചോദിച്ചു. നേരത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ വീണക്കെതിരേ കേസെടുത്തിരുന്നു.