കൊച്ചി: നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം 10 വയസ്സുകാരി നിദാ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും മറ്റ് ബന്ധുക്കളും ചേര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദ്ദീനും വിമാനത്തിലുണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
വണ്ടാനത്ത് സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് ശേഷം 11ന് നിദ പഠിച്ച നീര്‍ക്കുന്നം ഗവ. സ്കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോവും. ഉച്ചയ്ക്ക് 12.30ന് കാക്കാഴം ജുമാ മസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കം. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛര്‍ദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
നാഷനല്‍ സബ് ജൂനിയര്‍ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ. നാഗ്പൂരിലെത്തിയ താരങ്ങള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കിയില്ലെന്ന് കേരള സൈക്കിള്‍ പോളോ അസോസിയേഷന് ആരോപിച്ചു. എന്നാല്‍, താരങ്ങള്‍ക്ക് സൗകര്യമൊരുക്കിയെന്നും 600 രൂപ ബത്ത നല്‍കിയെന്നുമാണ് നാഷനല്‍ പോളോ അസോസിയേഷന്റെ വിശദീകരണം.