മുംബൈ: 11 ദിവസത്തെ സസ്പെന്‍സിന് വിരാമമിട്ട് ഒടുക്കം മുഖ്യമന്ത്രിയെ തീരുമാനിച്ച് മഹാരാഷ്ട്ര.മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേല്‍ക്കും. നാളെ മുംബൈയിലെ ആസാദ് മൈതാനിയില്‍ ആണ് സത്യപ്രതിജ്ഞ. ബിജെപിയുടെ കോര്‍ കമ്മിറ്റിയാണ് ഫഡ്നവിസിനെ തിരഞ്ഞെടുത്തത്.
നിയമസഭയിലെ 288-ല്‍ 230 സീറ്റുകളും മഹായുതി നേടിയതിനെ തുടര്‍ന്ന്, തിരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിച്ചത് ഷിന്‍ഡെയാണെന്നും മുഖ്യമന്ത്രിയായി ഷിന്‍ഡെ തുടരണമെന്നും ശിവസേന നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, മത്സരിച്ച 148 സീറ്റില്‍ 132ലും വിജയിച്ചതു കൊണ്ടു തന്നെ ഇത്തവണ ഉന്നതസ്ഥാനം അവകാശപ്പെടുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഒടുവില്‍, സര്‍ക്കാര്‍ രൂപീകരണത്തിന് താനൊരു തടസ്സമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും ഷിന്‍ഡെ പരസ്യമായി പറഞ്ഞു.
പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നവിസിന്റെ പേര് അന്തിമമാക്കിയതായി മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞിരുന്നു. ഡിസംബര്‍ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.