മതം പൂരിപ്പിക്കാനുള്ള കോളത്തില്‍ സെക്കുലര്‍ എന്നെഴുതി: റാന്നിയില്‍ ദലിത് പെണ്‍കുട്ടിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു
റാന്നി: മതം പൂരിപ്പിക്കാനുള്ള കോളത്തില്‍ സെക്കുലര്‍ എന്നെഴുതിയ ദലിത് പെണ്‍കുട്ടിക്ക് റാന്നി തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് പരാതി. പെണ്‍കുട്ടിയും കുടുംബവും തിങ്കളാഴ്ച മുതല്‍ താലൂക്ക് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണയിലാണ്.
റാന്നിയിലെ കേശവദേവിനും കുടുംബത്തിനുമാണ് റവന്യു അധികാരിയില്‍ നിന്ന് സെക്കുലര്‍ എന്ന് സര്‍ട്ടിഫിക്കറ്റില്‍ എഴുതിയതു മൂലം ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.
പുലയ ജാതിയില്‍ പെട്ട കുടുംബം കൊച്ചുമകളുടെ മകളുടെ ഡിഗ്രി പഠനത്തിനാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. പക്ഷേ, കോളത്തില്‍ സെക്കുലര്‍ എന്ന് കണ്ട തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല. ഇതിനെതിരേയാണ് കേശവദേവും കുടുംബവും സമരം പ്രഖ്യാപിച്ചത്.
മതപരമായ ആചാരങ്ങള്‍ അനുഷ്ടിക്കാത്ത കുടുംബത്തിന് 2015ലും ഇതേ പോലെ ഒരുനുഭമുണ്ടായി. അന്ന് മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ടാണ് മതം എന്ന കോളത്തില്‍ ഇല്ല എന്നെഴുതി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ടത്. ഇതേ സര്‍ട്ടിഫിക്കറ്റ് ഇത്തവണത്തെ അപേക്ഷയിലും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല.
2010 ല്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ ജാതി, മതം എന്നീ കോളങ്ങളില്‍ ഇല്ല എന്നെഴുതുന്നവര്‍ക്ക് ജാതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മതം ഇല്ല എന്നെഴുതുകയും ജാതി കോളം പൂരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാമോ എന്ന കാര്യം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
കുടുംബം കലക്ടര്‍ക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്.