മധുരയില്‍ ദലിത് യുവാവിനെ മേല്‍ ജാതിക്കാര്‍ മലം തീറ്റിച്ചു

Update: 2019-05-08 11:37 GMT

മധുര: ദലിത് യുവാവിന് നേരെ ഉയര്‍ന്ന ജാതിക്കാരുടെ അതിക്രമം. താഴ്ന്ന ജാതിയില്‍പ്പെട്ട പി കൊല്ലിമലയ് എന്ന യുവാവിനാണ് ഉയര്‍ന്ന ജാതിക്കാരായ കല്ലാര്‍ സമുദായത്തിന്റെ ക്രുരമര്‍ദനങ്ങള്‍ക്കൊടുവില്‍ മലം തിന്നേണ്ടി വന്നത്. മധുരയ്ക്കടുത്ത് തിരുവാരൂര്‍ ജില്ലയിലാണ് യുവാവ് ജാതി അതിക്രമത്തിനിരയായത്. മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ക്ക് തന്നോടുള്ള ജാതീയമായ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് യുവാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പ്രധാനപ്രതിയടക്കം കല്ലാര്‍ സമുദായത്തില്‍പെട്ട മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരിലെ രണ്ടുപേരെ പോലിസ് വെറുതെവിട്ടു. തുടര്‍ന്നാണ് യുവാവ് നീതിക്കായി രംഗത്തെത്തിയത്.

കേസിലെ പ്രധാനപ്രതികളെ പോലിസ് സംരക്ഷിക്കുന്നെന്ന് കാട്ടി കൊല്ലിമലയ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എസ് ശക്തിവേല്‍ എന്ന് കല്ലാര്‍ സമുദായത്തിലെയാളാണ് പ്രധാന പ്രതി. ക്ഷേത്രോല്‍സവുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ പ്രശ്‌നമാണ് മനുഷ്യത്വ രഹിതമായ കുറ്റകൃത്യത്തില്‍ അവസാനിച്ചത്. ക്ഷേത്രോല്‍സവത്തില്‍ പങ്കെടുത്ത ദലിത് കുടുംബത്തെ പ്രതികള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ദലിതുകളും കല്ലാര്‍ സമുദായവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.

രണ്ടാഴ്ചയ്ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രദേശത്ത് ഇഷ്ടിക ചൂള നടത്തുന്നയാളാണ് ദലിത് യുവാവ്. ചൂളയില്‍നിന്ന് പുലര്‍ച്ചെ 2.30ന് വീട്ടിലേക്ക് ബൈക്കില്‍ തിരിക്കുകയായിരുന്ന യുവാവിനെ ശക്തിവേലും സംഘവും അടിച്ചു വീഴ്ത്തുകയായിരുന്നു. ക്രൂരമായി മര്‍ദിക്കുകയും ബന്ധിക്കുകയും ചെയ്തശേഷം മനുഷ്യ വിസര്‍ജ്യം കൊണ്ടുവന്ന് വലിയ വടികൊണ്ട് തല്ലി തീറ്റിക്കുകയായിരുന്നു. തുടര്‍ന്ന് ശരീരത്തിലേക്കും വായിലേക്കും മൂത്രമൊഴിക്കുകയും ചെയ്തു.

നിലവിളി കേട്ടെത്തിയ സമീപവാസികളാണ് യുവാവിനെ ആശുപത്രിയിലും പിന്നീട് പോലിസ് സ്‌റ്റേഷനിലുമെത്തിച്ചത്. പ്രതികളായ മൂന്നുപേരെയും നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും എസ്‌സി, എസ്ടി അതിക്രമം തടയല്‍ വകുപ്പ് ചുമത്തിയില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്. ശക്തിവേലിനെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയെങ്കിലും മറ്റ് രണ്ടുപേരെ രക്ഷപ്പെടാന്‍ പോലിസ് അനുവദിച്ചെന്നും ഇദ്ദേഹം ആരോപിച്ചു.


Similar News