ഡാം തുറന്നെന്നുകരുതി പ്രളയമുണ്ടാവില്ല, വ്യാജപ്രചാരണം നടത്തിയാല്‍ കേസെടുക്കും: മന്ത്രി കെ രാജന്‍
കോഴിക്കോട്: അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാവുമെന്ന് കരുതരുതെന്ന് റവന്യൂമന്ത്രി കെ രാജന്‍. നിയമപ്രകാരം മാത്രമാവും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്നുവിടുന്നത്. പടിപടിയായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇടനല്‍കുന്നുണ്ട്. മുല്ലപ്പെരിയാര്‍ തുറക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം തന്നെ തമിഴ്‌നാട് അറിയിച്ചിരുന്നു.
പരമാവധി ജലം കൊണ്ടുപോവണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ നേരത്തെ അറിയിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018ലെ അനുഭവം ഇനി ഉണ്ടാവില്ല. കാലാവസ്ഥാ പ്രവചനം അനുസരിച്ച് കേരളം ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍വരുന്ന വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.