ദാമന്‍ ദിയു അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ സാമ്പത്തിക തിരിമറിയും ബിനാമി ഇടപാടുകളും
''പ്രഫുല്‍ പട്ടേല്‍ നിങ്ങളെ കബളിപ്പിക്കുകയാണ്. നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ദുര്‍വിനിയോഗം ചെയ്യുന്നു. വികസനത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അട്ടിറിക്കുന്നു''- ദാമന്‍ ആന്റ് ദിയു, ദാദ്രി നഗര്‍ ഹവേലി കേന്ദ്ര ഭരണപ്രദേശത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരേ ദാമന്‍ ദിയു പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കെഴുതിയ കത്തിലെ വരികളാണ് ഇത്. ഇതേ പരാതിയുടെ കോപ്പി അവര്‍ വിജിലന്‍സിനും സിബിഐക്കും നല്‍കി. ദാമന്‍ ദിയു പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രഫുല്‍ പട്ടേല്‍ കോടികള്‍ വെട്ടിച്ച് രാജ്യത്തെയും പ്രധാനമന്ത്രിയെയും കബളിപ്പിക്കുന്നുവെന്നാണ് ആരോപണം. അതിന് പ്രധാനമന്ത്രിയുടെ വിശ്വാസം ദുരുപയോഗം ചെയ്യുന്നുവെന്നും അവര്‍ ആരോപിച്ചു.
ദാമന്‍ ആന്റ് ദിയു ദാദ്രി നഗര്‍ഹവേലിക്കു പുറമെ ലക്ഷദ്വീപിലെയും അഡ്മിനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍.
അഴിമതിയുടെയും തട്ടിപ്പിന്റെയും പ്രൊഫഷണലിസമില്ലായ്മയുടെയും കഥകള്‍ തെളിവുസഹിതമാണ് ഉന്നയിച്ചിട്ടുള്ളത്. അനാവശ്യപദ്ധതികള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്തവരെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഫണ്ട് കൈവശപ്പെടുത്തുകയാണെന്നും 2022 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടത്തിനും മറ്റുമായി ഉപയോഗിക്കാനാണ് ലക്ഷ്യമെന്നും പരാതിയില്‍ സൂചനയുണ്ട്.
കടല്‍ത്തീര വികസനം, റോഡ് വീതികൂട്ടല്‍ തുടങ്ങി പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ഏറെ എതിര്‍പ്പുകളുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പട്ടേല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതവും പ്രധാനവുമാണെന്നും ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതി ആസൂത്രണം ചെയ്ത എച്ച്‌സിപി പ്രൈവറ്റ് ലിമിറ്റഡാണെന്നുമാണ് പട്ടേല്‍ അവകാശപ്പെടുന്നത്. ചില പദ്ധതികളുടെ ബുദ്ധികേന്ദ്രം ഗുജറാത്തിലെ സബര്‍മതി തീരവികസന പദ്ധതി ആസൂത്രണം ചെയ്തവരാണെന്നും പട്ടേല്‍ വിശദീകരിച്ചിട്ടുണ്ട്. ഇതൊക്കെ തട്ടിപ്പാണെന്നാണ് പരാതിയില്‍ പറയുന്നത്.
വിശദമായ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ ഒരു കാര്യം കണ്ടെത്തി. നിര്‍മാണത്തില്‍ ഡിപ്ലോമ മാത്രമുള്ള അമിത് ജയന്തിലാല്‍ ഷാ എന്നയാളുടെ ബില്‍ഡിങ് സര്‍വീസ് ബ്യൂറോയാണ് എല്ലാ ഡിസൈനുകളും തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് അത് ചെയ്യാനാവശ്യമുള്ള അറിവില്ല. ഇത്തരം ജോലികള്‍ ചെയ്യുന്നതിനുള്ള മുന്‍പരിചയവും കമ്മിയാണ്. അമിത് ജയന്തിലാല്‍ ഷാ ഒരു ആര്‍ക്കിടെക്റ്റുമല്ല. ഇയാളുടെ കമ്പനി ഹിമാന്തനഗറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രഫുല്‍ പട്ടേലിന്റെ മകന്റെ കമ്പനിയായ ആരാരാട്ട് അസോസിയേറ്റ്‌സിന്റെ ബിനാമി മാത്രമാണ്. ദാമന്‍ പദ്ധതിയുടെ കരാര്‍ കിട്ടിയ അതേ മാസമാണ് ബില്‍ഡിങ് സര്‍വീസ് ബ്യൂറോ എന്ന കമ്പനി നിലവില്‍ വന്നതെന്നതിനും തെളിവുകളുണ്ട്.
അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതികളുടെ ആസൂത്രണങ്ങളില്‍ നിന്ന് സര്‍ക്കാരിലെ പ്രധാന എഞ്ചിനീയര്‍മാരെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. എല്ലാതിനും നേതൃത്വം നല്‍കുന്നത് ഗുജറാത്തിലെ ജിഐഡിസിയുടെ സൂപ്രണ്ടിങ് എഞ്ചിനീയറാണ്. അദ്ദേഹമാകട്ടെ ദാമനിനേക്കാള്‍ അഹമ്മദാബാദിലാണ് തന്റെ അധിക സമയവും ചെലവഴിക്കുന്നത്.
രാജ്യത്തെ പ്രധാന ഡിസൈന്‍ കമ്പനികളെ മുഴുവന്‍ അയോഗ്യരാക്കിയും പുറത്തുനിര്‍ത്തിയുമാണ് പട്ടേലിന്റെ ബിനാമി കമ്പനിക്ക് നിര്‍മാണക്കരാര്‍ ലഭിച്ചത്. ഈ കമ്പനിയാകട്ടെ ആര്‍ക്കിടക്ചര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ഇത്തര കമ്പനികള്‍ക്ക് ഈ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നതാണ് രാജ്യത്തെ നിയമം.
എല്ലാ പ്രധാന കമ്പനികളെയും അയോഗ്യരാക്കി കരാര്‍ കരസ്ഥമാക്കിയ ഈ കമ്പനി പ്രവര്‍ത്തി വിഭജിച്ച് മറ്റ് കമ്പനികള്‍ക്ക് ഉപകരാര്‍ കൊടുത്തിരിക്കുകയാണ്. ഈ ഉപകരാരുകള്‍ വഴി ഈ ജോലികളെല്ലാം പ്രഫുല്‍ പട്ടേലിന്റെ മകന്റെ കമ്പനിയായ ആരാരാട്ട് അസോസിയേറ്റ്‌സിലേക്ക് പോകും. പദ്ധതിപ്രദേശം നേരിട്ട് പരിശോധിക്കുകയാണെങ്കില്‍ ഇതിനുള്ള തെളിവുകള്‍ ലഭിക്കും. അവിടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളൊക്കെ പ്രഫുല്‍ പട്ടേലിന്റെ ബിനാമി കമ്പിനിയുടേതാണ്.
ഇതുവരെ 400 കോടി രൂപയുടെ കരാര്‍ കമ്പനിക്ക് നല്‍കിക്കഴിഞ്ഞു. ഇതിനിടയില്‍ പ്രഫുല്‍ പട്ടേലിന്റെ ദാമനിലെ ഓഫിസ് മോടി പിടിപ്പിക്കാന്‍ തന്നെ 17 കോടി ചെലവാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിക്കുള്ള പരാതിയില്‍ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങള്‍ ഇതാണ്: പട്ടേല്‍ അവകാശപ്പെടുന്ന പോലെ ഈ പദ്ധതികളൊക്കെ വേണ്ടതാണോ? കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മാന്വല്‍ അനുസരിച്ചാണോ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്? പദ്ധതിയുടെ ആസൂത്രണത്തില്‍ നിരവധി പിഴവുകളുണ്ടെന്നാണ് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ പക്ഷം.
രണ്ട് കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും അവരുടെ വാപിയിലെയും ഹിമാന്ത്‌നഗറിലെയും അഹമ്മദാബാദിലെയും ഓഫിസുകള്‍ റെയ്ഡ് ചെയ്യാനും കത്തില്‍ ആവശ്യപ്പെടുന്നു. അതുവഴി പ്രഫുല്‍ പട്ടേലും മകനും ചേര്‍ന്ന് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ രേഖകള്‍ കണ്ടെത്താമെന്നാണ് അവര്‍ പറയുന്നത്.
പ്രഫുല്‍ പട്ടേല്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതുപോലെയല്ല കാര്യങ്ങളെന്നും പരിചയസമ്പത്തോ അറിവോ ഇല്ലാത്തവരാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
2022 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള ധനസമ്പാദനമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പട്ടേല്‍ പരസ്യമായി പറയുന്നുണ്ടത്രെ. പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെ പേരിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കേന്ദ്ര വിജിലന്‍സിനെയും സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.