ഡിസി കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി അന്തരിച്ചു

Update: 2025-04-24 10:53 GMT
ഡിസി കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി അന്തരിച്ചു

കോട്ടയം: ഡിസി ബുക്ക്‌സ് സ്ഥാപാകന്‍ ഡിസി കിഴക്കേമുറിയുടെ പത്‌നി പൊന്നമ്മ ഡിസി (90) അന്തരിച്ചു. രണ്ടു പതിറ്റാണ്ടോളം ഡിസി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. 1963 ഓഗസ്റ്റ് 26നാണ് ഡിസി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്. 1974ല്‍ ഡിസി കിഴക്കേമുറി ഡിസി ബുക്‌സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡിസിയായിരുന്നു.

ഡിസി കിഴക്കേമുറിക്കു ലഭിച്ച മരണാനന്തര പത്മഭൂഷന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനില്‍നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡിസിയായിരുന്നു. ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി.പി. ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബര്‍ മൂന്നിനായിരുന്നു ജനനം. മക്കള്‍: താര, മീര, രവി ഡിസി (ഡിസി ബുക്‌സ്). മരുമക്കള്‍: ജോസഫ് സത്യദാസ് (സിംഗപ്പൂര്‍ സ്‌ട്രെയ്റ്റ് ടൈംസ് സീനിയര്‍ എഡിറ്റര്‍), അനില്‍ വര്‍ഗീസ് (ബിസിനസ്), രതീമ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഡിസി ബുക്‌സ്). സംസ്‌കാരം: ഞായര്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ദേവലോകത്തെ വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം മൂന്നിന് കോട്ടയം കലക്ടറേറ്റിനു സമീപമുള്ള ലൂര്‍ദ് ഫെറോന പള്ളിയില്‍. ശനി രാവിലെ 10 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം.

Similar News