സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരെ ഫേസ് ബുക്കില്‍ അപകീര്‍ത്തി പരാമര്‍ശം; ഗുജറാത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു
അംറേലി: കഴിഞ്ഞ ദിവസം കുനൂരിലെ മലനിരകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരേ ഫേസ് ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഗുജറാത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അംറേലി ജില്ലയിലെ ബൈറായ് സ്വദേശി ശിവഭായ് റാമിനെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്ല് അറസറ്റ് ചെയ്തത്.
എന്നാല്‍ ബിപിന്‍ റാവത്തിനെക്കുറിച്ചുള്ള പരാമര്‍ശത്തിനല്ല മുന്‍കാലങ്ങളില്‍ ഫേസ് ബുക്കില്‍ ചെയ്ത വിദ്വേഷ പോസ്റ്റുകളുടെ പേരിലാണ് അറസ്റ്റെന്നാണ് പോലിസ് പറയുന്നത്.
ഇയാളുടെ പോസ്റ്റുകള്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതാണെന്ന് പോലിസ് ആരോപിക്കുന്നു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കല്‍ ഇയാളുടെ പതിവാണെന്നും ജനപ്രതിനിധികളെയും അധിക്ഷേപിക്കാറുണ്ടെന്നും എഎസ് പി ജിതേന്ദ്ര യാദവ് പറഞ്ഞു.
ഐപിസി 153 എ ആണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. കൂടാതെ മതവികാരം വ്രണപ്പെടുത്തിയതിന് 295 എയും ചുമത്തിയിട്ടുണ്ട്.
ബിപിന്‍ റാവത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഒരാളെ തമിഴ്‌നാട്ടിലും അറസ്റ്റ് ചെയ്തിരുന്നു.